വയനാട്: നെല്ലിയമ്പം ഇരട്ട കൊലപാതകം കേസിൽ പ്രതി അർജുന് വധശിക്ഷ. കൽപ്പറ്റ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കൊലപാതകത്തിന് വധശിക്ഷയും, ഭവനഭേദനത്തിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിച്ചതിന് ഏഴു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
2021 ജൂൺ 10 ന് രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പത്മാലയത്തിൽ കേശവൻ ഭാര്യ പത്മാവതി എന്നിവരാണ് മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. വെട്ടേറ്റ കേശവൻ സംഭവസ്ഥലത്തു വെച്ചും ഭാര്യ പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മണിക്കൂറുകൾക്കുള്ളിലും മരിച്ചു.
സെപ്റ്റംബർ 17-നാണ് പ്രതി അയൽവാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അർജുൻ അറസ്റ്റിലാവുന്നത്. മാനന്തവാടി ഡിവൈഎസ്പി ആയിരുന്ന എ. പി. ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്.