ചെന്നൈ: നാടൻ ബോംബുകൾ എറിഞ്ഞുപൊട്ടിച്ച് ജന്മദിനം ആഘോഷിച്ച യുവാവ് അറസ്റ്റിൽ. ദീപക് എന്ന 21 കാരനാണ് അറസ്റ്റിലായത്. കൂട്ടുകാർക്കൊപ്പം ജൻമദിനം ആഘോഷിക്കുന്നതിനായി ദിവസങ്ങൾക്ക് മുന്നേ തന്നെ ദീപക് പദ്ധതി തയാറാക്കിയിരുന്നു. സോഷ്യൽ മീഡിയ വഴി എല്ലാവരെയും ചെങ്കൽപേട്ടിലേക്ക് രാത്രി പിറന്നാൾ ആഘോഷിക്കാൻ എത്തണമെന്ന് ക്ഷണിക്കുകയും ചെയ്തു.
പിറന്നാൾ ദിനത്തിൽ പാട്ടും മേളവുമൊക്കെ ആയി ആഘോഷം കനത്തപ്പോൾ കൂട്ടുകാരിൽ ഒരാളായ ദേവ് ദീപകിന് സമ്മാനപ്പൊതി നൽകി. നാടൻ ബോംബുകൾ ആയിരുന്നു പൊതിക്കുള്ളിൽ. ആഘോഷ ലഹരിയിൽ ദീപക് സമ്മാനമായി കിട്ടിയ ബോംബ് പൊട്ടിക്കുകയും പ്രദേശത്തേക്ക് എറിയുകയും ചെയ്തു.
സംഭവം അപ്പോൾ തന്നെ നാട്ടുകാർ ചെങ്കൽപേട്ട് താലൂക്ക് പോലീസിൽ അറിയിച്ചെങ്കിലും പോലീസ് എത്തുന്നതിനു മുൻപ് സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടർന്ന് വ്യാഴാഴ്ച പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് ദീപക്കിനെ അറസ്റ്റ് ചെയ്തു. ചെങ്കൽപേട്ട് താലൂക്ക്, ടൗൺ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ നിരവധി കേസുകൾ നിലവിലുണ്ട്.