നിര്‍ധന കുടുംബത്തിന് വീടായി; ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ താക്കോല്‍ ദാനം നിര്‍വഹിച്ചു

ALP-VSചാരുംമൂട്: യുവജനങ്ങളെ ബാധിക്കുന്ന മൗലികമായ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പോരാടുന്നതോടൊപ്പം പൊതു സമൂഹത്തിന് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കൈത്തിരിനീട്ടാനും ഡിവൈഎഫ്‌ഐ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണന്ന് ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. പാലമേല്‍ പഞ്ചായത്തിലെ ഉളവുക്കാട് ശ്രീശൈലത്തില്‍ ബിജിയുടെ നിര്‍ധന കുടുംബത്തിന്  ഡിവൈഎഫ്‌ഐ ഉളവുക്കാട് യൂണിറ്റ് സുമനസുകളുടെ സഹായത്തോടെ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാന ചടങ്ങ് നിര്‍വഹിക്കുയായിരുന്നു അദ്ദേഹം.

ആര്‍ രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബി. വിനോദ്, ജി. രാജമ്മ, മനു സി. പുളിക്കല്‍, അനസ് അലി, ആര്‍. ശശികുമാര്‍, ബി. വിശ്വന്‍, എം. ബൈജു, ഭഗത്, ആര്‍. ബിനു, ദിലീപ് മുഹ്‌സിന്‍, സിറില്‍, എസ്. മുകുന്ദന്‍, എം.എന്‍. ലതീഷ് എന്നിവര്‍ പ്രസംഗിച്ചു. ഗ്രഫില്‍ ജോലിയുണ്ടായിരുന്ന ബിജിയുടെ ഭര്‍ത്താവ് സുരേഷ് പത്തുവര്‍ഷം മുമ്പ് മരിച്ചതോടെ രണ്ടു പെണ്‍മക്കളുള്ള കുടുംബം തീരാദുരിതത്തിലായി. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ചിത്രയും, പ്ലസ്ടു വിദ്യാര്‍ത്ഥിയായ വര്‍ഷയുമാണ് മക്കള്‍.

ചോര്‍ന്നൊലിക്കുന്ന കുടിലില്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലായിരുന്നു മിടുക്കരായ ഇവര്‍ പഠനം നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് ഈ നിര്‍ധന കുടുംബത്തിനു വീടെന്ന സ്വപ്‌നം സാക്ഷത്ക്കരിക്കാന്‍ ഡിവൈഎഫ്‌ഐ ഉളവുക്കാട് യൂണിറ്റ് രംഗത്തുവന്നത്. അറുനൂറ് സ്ക്വയര്‍ ഫീറ്റില്‍ രണ്ട് ബഡ് റൂമുകളും, ഹാളും, അടുക്കളയും, ടോയ്‌ലറ്റും ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഉള്ള വീട് മൂന്നുമാസം കൊണ്ടാണ് നിര്‍മിച്ചത്.

Related posts