ഇന്ത്യയില്‍ ചെറിയ ബൈക്കുകള്‍ നിര്‍മിക്കാന്‍ ബിഎംഡബ്ല്യു. പ്രധാനമായും കമ്പനിയുടെ 313 സിസി ബൈക്കായ ജി310ആര് ഇന്ത്യയില്‍ നിര്‍മിച്ച് വില്‍ക്കാനും കയറ്റി അയയ്ക്കാനുമാണു തീരുമാനം. കമ്പനിയുടെ മാതൃരാജ്യമായ ജര്‍മനി, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഇന്ത്യയില്നിന്നുതന്നെയാകും കയറ്റുമതി. ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം ടിവിഎസുമായി സഹകരിച്ചായിരിക്കും.
മോട്ടോറാന്ഡ് ബ്രാന്‍ഡിനു കീഴില്‍ കമ്പനിക്ക് ഏറ്റവും പ്രതീക്ഷ നല്കുന്ന ബൈക്കാണ് ജി310ആര്. 500 സിസിക്കു താഴെ ബിഎംഡബ്ല്യു ഇറക്കുന്ന ആദ്യ ബൈക്കെന്ന പ്രത്യേകതയും ഇതിനുണ്ട്. അടുത്ത വര്‍ഷം മുതല്‍ ജി310ആര് ബൈക്കുകള്‍ ഇന്ത്യയില്‍ വില്ക്കാന് തുടങ്ങാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ബിഎംഡബ്ല്യു ഇന്ത്യാ പ്രസിഡന്റ് ഫ്രാങ്ക് സ്ക്ലോഡെര് പറഞ്ഞു. രണ്ടു ലക്ഷത്തിനും 2.5 ലക്ഷത്തിനും ഇടയിലായിരിക്കും വില.
ടിവിഎസിന്റെ തമിഴ്നാട് ഹൊസൂരിലുള്ള പ്ലാന്റിലാണ് ജി310ആര് നിര്‍മിക്കുക. ഇതിന്റെ പ്രാദേശിക പതിപ്പും ഇറക്കാന്‍ ടിവിഎസിന് പദ്ധതിയുണ്ട്. ആറ് സ്പീഡ് ഗിയര്‍ബോക്സുള്ള ബൈക്കിന് പരമാവധി വേഗം മണിക്കൂറില്‍ 144 കിലോമീറ്ററാണ്. അത്യാധുനിക ബ്രേക്കിംഗ് സംവിധാനവും ഈ ബൈക്കിനു നല്‍കിയിട്ടുണ്ട്.