ദര്‍ശന അക്കാദമിയുടെ എട്ടാമത് അഖില കേരള പ്രഫഷണല്‍ നാടകമത്സരത്തിന് ഇന്ന് അരങ്ങുണരും

ktm-nadakomകോട്ടയം: ദര്‍ശന അക്കാദമി സംഘടിപ്പിക്കുന്ന എട്ടാമത് അഖില കേരള പ്രഫഷണല്‍ നാടകമത്സരത്തിനു ഇന്നു അരങ്ങുണരും. 30 വരെയാണ് നാടകമത്സരം. തെരഞ്ഞെടു ക്കപ്പെട്ട 10 നാടകങ്ങളാണ് മത്സരിക്കുക. ഇന്നു വൈകുന്നേരം 5.30ന് നടക്കുന്ന സമ്മേളനം സിനിമാ താരം കലാശാല ബാബു ഉദ്ഘാടനം ചെയ്യും. സിഎംഐ പ്രിയോര്‍ ജനറാള്‍ റവ. ഡോ. പോള്‍ അച്ചാണ്ടി സിഎംഐ അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.

ഫാ. ജോര്‍ജ് ഇടയാടില്‍. ഫാ. തോമസ് പുതുശേരി, തേക്കിന്‍കാട് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും. രചന, സംവിധാനം അവതരണം, അഭിനയം എന്നീ വിഭാഗങ്ങളില്‍ മികച്ച കലാകാരന്‍മാര്‍ക്ക് കാഷ് അവാര്‍ഡും ലഭിക്കും. മികച്ച നാടകത്തിനു 25,000 രൂപയും  എവര്‍ റോളിംഗ് ട്രോഫി ലഭിക്കും. രണ്ടാം സമ്മാനമായി 20,000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും ലഭിക്കും. മികച്ച രചന, സംവിധാനം, സംഗീതം, ഗാനാലാപനം, നടന്‍, നടി തുടങ്ങിയ വിഭാഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് 7500 രൂപ വീതവും മികച്ച സഹനടന്‍, സഹനടി, ഹാസ്യ നടന്‍ എന്നിവര്‍ക്ക് 5,000 രൂപ വീതവും പ്രത്യേക കാഷ് അവാര്‍ഡുകളും ഫലകവും ലഭിക്കും.

ഇന്നു കൊല്ലം അയനം നാടകവേദിയുടെ അവനവന്‍ തുരുത്ത് എന്ന നാടകം അരങ്ങിലെത്തും.  22ന് പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ മധുരനൊമ്പരപൊട്ട്, 23ന് കോഴിക്കോട് രംഗഭാഷയുടെ കുടുംബനാഥന്റെ ശ്രദ്ധയ്ക്ക, 24ന് തിരുവനന്തപുരം ശ്രീനന്ദനയുടെ കടലുകള്‍ കടന്ന്, 25ന് തിരുവനന്തപുരം അക്ഷരകലയുടെ ശ്രീ ഗുരുവായൂരപ്പന്‍, 26ന് നക്ഷത്ര ക്മ്മ്യൂണിക്കേഷന്‍സിന്റെ നീലനിലാവില്‍ ഭാര്‍ഗവീനിലയം എന്നിവ അരങ്ങിലെത്തും. 27ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ നാടകമേ ഉലകം, 28ന്  കൊല്ലം അസീസിയുടെ നക്ഷത്രങ്ങള്‍ പറയാതിരുന്നത്, 29ന് തിരുവനന്തപുരം സൗപര്‍ണികയുടെ  കണ്ണാടിക്കടവത്ത്, 30ന് കാളിദാസ കലാകേന്ദ്രത്തിന്റെ മായാദര്‍പ്പണ്‍.

ഉദ്ഘാടന ദിവസം വൈകുന്നേരം 5.30ന് കാവാലം നാരാണയ പണിക്കര്‍, കെ.ഇ. ശ്രീധരന്‍ എന്നിവരെ അനുസ്മരിച്ച് പി. ആര്‍. ഹരിലാല്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് എല്ലാ ദിവസവും പ്രമുഖ നാടക കൃത്തുക്കളെ അനുസ്മരിച്ച് സ്മൃതിദര്‍പ്പണ്‍ നടക്കും. 22ന് എന്‍.എന്‍. പിള്ളയെ അനുസ്മരിച്ച് ആര്‍ടിസ്റ്റ് സുജാതന്‍ സ്മൃതിദര്‍പ്പണ്‍ ഉദ്ഘാടനം ചെയ്യും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പി.ആര്‍.ചന്ദ്രന്‍, പി.ജെ.ആന്റണി, കെ.ടി.മുഹമ്മദ്, എസ്എല്‍പുരം സാദാനന്ദന്‍, തോപ്പില്‍ ഭാസി, ജി. ശങ്കരപിള്ള, പൊന്‍കുന്നം വര്‍ക്കി, സി.ജെ. തോമസ് എന്നിവരെ അനുസ്മരിച്ചു കൊണ്ടുള്ള സ്മൃതിദര്‍പ്പണില്‍  തേക്കിന്‍കാട് ജോസഫ്, പൊന്‍കുന്നം സെയ്ദ്, ഡോ. പോള്‍ മണലില്‍, മനോഹരന്‍, പ്രഫ. തോമസ് കുരുവിള, പ്രഫ.ബാബു ചെറിയാന്‍, പ്രഫ.ജെയിംസ് മണിമല എന്നിവര്‍ നടത്തും. യോഗങ്ങളില്‍ മലയാള പ്രഫഷണല്‍ നാടക രംഗത്ത് ദീര്‍ഘകാല പ്രവര്‍ത്തന പാരമ്പര്യമുള്ള നടീനടന്‍മാരെ ആദരിക്കും. ദിവസവും വൈകുന്നേരം 5.30ന് ആരംഭിക്കുന്ന നാടകത്തില്‍ പ്രവേശനം സൗജന്യമാണ്.

Related posts