അതിജീവനം 28ന്

athijeevanamവിഷം തിന്നു മരിക്കുകയും മരിച്ചു ജീവിക്കേണ്ടിവരികയും ചെയ്യു ന്ന പുതിയ കാലഘട്ടത്തി ലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ ” അതി ജീവനം’ 28 ന് തിയറ്ററുകളില്‍ എത്തുന്നു. സര്‍വം വിഷമയമായ ഇന്നത്തെ കാലത്ത് ചില അപ്രിയസത്യങ്ങളിലേക്ക് വെളിച്ചം വീശുകയാണ് ഈ ചിത്രം. മങ്കുന്നം ഫിലിംസിന്റെ ബാനറില്‍ എം.ശങ്കരനാരായണന്‍ നിര്‍മ്മിച്ച് എസ്.വി.സജീവന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന അതിജീവനത്തില്‍ സുധീഷും അഞ്ജു അരവിന്ദുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം മാറാവ്യാധികള്‍, ജീവിതത്തിലെ നരകതുല്യമായ അവസ്ഥ, അടച്ചുപൂട്ടാറായ സ്കൂള്‍, ഇവിടെ നിന്ന് കല്യാണം പോലും നടക്കുന്നില്ല. ഇങ്ങനെയുള്ള അത്താഴക്കുന്ന് ഗ്രാമത്തിലേക്ക് സ്ഥലം മാറ്റവുമായി എത്തുകയാണ് വേണുമാഷും നഴ്‌സായ ഭാര്യ ആനിയും. വരണ്ടുണങ്ങിയ ഗ്രാമത്തില്‍ പച്ചപ്പ് നല്‍കാന്‍ വേണുമാഷ് തുനിഞ്ഞിറങ്ങുന്നു.

അതിനു ഫലമായി നാട്ടിലെ ഒരു സംഘം ചെറുപ്പക്കാരും ചേരുന്നു. നാടിന്റെ തീരാദുരിതങ്ങള്‍ക്കു പിന്നിലെ കാരണം കണ്ടെത്താനുള്ള വേണുമാഷിന്റെ ശ്രമങ്ങള്‍ക്ക് ശാസ്ത്രീയമായ തെളിവുകള്‍ നല്‍കിക്കൊണ്ട് നന്ദന്‍മേനോന്‍ എന്ന റിട്ടയേഡ് മെഡിക്കല്‍ കോളജ് പ്രഫസറുമുണ്ട്. ഇവരുടെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതായിരുന്നു. വേണുമാഷായി സുധീഷ് പുതിയൊരു ഗറ്റപ്പില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ആനിയായി അഞ്ജു അരവിന്ദും നന്ദന്‍ മേനോനായി ബാബു അന്നൂരും കൂടാതെ വി.പി.രാമചന്ദ്രന്‍, മാസ്റ്റര്‍ അലന്‍, ബേബി ശ്രീദേവി, മാസ്റ്റര്‍ അര്‍ജുന്‍, പ്രജ്ഞ തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു. തിരക്കഥ, സംഭാഷണം-ചന്ദ്രന്‍ രാമന്തളി, കാമറ-മധു കാവില്‍, പ്രേമരാജ്, പി.ആര്‍.ഒ-അജയ് തുണ്ടത്തില്‍, എഡിറ്റര്‍-കെ.നാരായണന്‍, ഗാനരചന-ബൈജു കാംകോല്‍, അജിമോന്‍ തൊടുപുഴ, സംഗീതം, പശ്ചാത്തലസംഗീതം-കൈതപ്രം വിശ്വനാഥന്‍, ആലാപനം-എം.ജി.ശ്രീകുമാര്‍, കല്ലറ ഗോപന്‍, സൗണ്ട് ഡിസൈന്‍-ടി.കൃഷ്ണനുണ്ണി, ആര്‍ട്ട്-രാം കുമാര്‍ തളിപ്പറമ്പ്, മേക്കപ്പ്-റോണി വെള്ളത്തൂവല്‍, കോസ്റ്റ്യൂം-രാധാകൃഷ്ണന്‍ മങ്ങാട്, അസോസിയേറ്റ് ഡയറക്ടര്‍-മധു പി.നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പാപ്പച്ചന്‍ ധനുവച്ചപുരം, പ്രൊഡക്ഷന്‍ എക്‌സി:-സുനീഷ് വൈക്കം, നൗഷാദ് റഹ്മാന്‍, സ്റ്റില്‍സ്-ഷാജന്‍ എന്നിവരാണ് അണിയറയില്‍. കെ.എസ്.എഫ്.ഡി.സി.ചിത്രാഞ്ജലി പാക്കേജിലാണ് ചിത്രം നിര്‍മിക്കുന്നത്.

Related posts