ശ്രീനഗർ: അതിർത്തി സംഘർഷങ്ങൾക്ക് പിന്നാലെ ജമ്മു കാഷ്മീരിലെ സോപ്പോരയിൽ സംസ്ഥാന അന്വേഷണ ഏജൻസിയുടെ വ്യാപക റെയ്ഡ്. ഭീകരപ്രവർത്തനങ്ങൾക്ക് സഹായം എത്തിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്നാണ് വിശദീകരണം.
അതിർത്തി മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ കരസേന നോർത്തേൺ കമാൻഡർ ലഫ് ജനറൽ പ്രതീക് ശർമ നേരിട്ടെത്തി വിലയിരുത്തി. ബാരാമുള്ള ജില്ലയിൽ ഡ്രോൺ പറത്തൽ തൽകാലികമായി നിരോധിച്ചിരിക്കുകയാണ്.
അതേസമയം, പാക്കിസ്ഥാന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് ഹരിയാനയിലെ കൈതാളിൽ അറസ്റ്റിലായ ദേവേന്ദർ സിംഗ് (25) കുറ്റം സമ്മതിച്ചെന്നു പോലീസ് അറിയിച്ചു.
ഇന്ത്യ പാക് സംഘർഷത്തെ സംബന്ധിച്ചും ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ചും പാക്കിസ്ഥാന് വിവരങ്ങൾ അപ്പപ്പോൾ കൈമാറിയെന്നാണു കുറ്റസമ്മതം.