സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സ്പിരിറ്റില്‍ പ്രഭാസിന്റെ നായികയായി തൃപ്തി ദിമ്രി എത്തും. ദീപിക പദുക്കോണിന് പകരമായാണ് സംവിധായകന് തൃപ്തിയെ നായികയാക്കിയത്. ഇക്കാര്യം സന്ദീപ് റെഡ്ഡി വാംഗ ഔദ്യോഗികമായി എക്സിലൂടെ അറിയിച്ചു. തൃപ്തി ദിമ്രി തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്.
ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഈ യാത്രയില്‍ എന്നെ വിശ്വസിച്ചതില്‍ അതിയായ നന്ദി. സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നായിരുന്നു പ്രതികരണം.നേരത്തെ ദീപിക മുന്നോട്ടുവെച്ച ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അവരെ നായികാസ്ഥാനത്ത് നിന്ന് മാറ്റുകയാണെന്നും സന്ദീപ് റെഡ്ഡി വ്യക്തമാക്കിയിരുന്നു.
ദിവസം എട്ടു മണിക്കൂര്‍ ജോലി സമയം, ഉയര്‍ന്ന പ്രതിഫലം തുടങ്ങിയ ഡിമാന്‍ഡുകളാണ് ദീപിക മുന്നോട്ടുവെച്ചതെന്നാണ് സൂചന. തെലുങ്കില്‍ സംഭാഷണം പറയാന്‍ ദീപിക വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ലാഭവിഹിതം നൽകണമെന്ന ആവശ്യവും ദീപിക മുന്നോട്ടുവച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ദീപികയുടെ ഗര്‍ഭകാലം കണക്കിലെടുത്തായിരുന്നു സ്പിരിറ്റിന്റെ ചിത്രീകരണം നീട്ടിവച്ചത്. 2024 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനായിരുന്നു പ്രാഥമിക ആലോചന. എന്നാല്‍, ഡേറ്റ് പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ദീപിക വേഷം നിരാകരിച്ചിരുന്നു. പിന്നീട് ദീപികയ്ക്കുകൂടി സൗകര്യപ്രദമാകുംവിധം ചിത്രീകരണം നീട്ടിവെച്ചു.
തുടര്‍ന്നാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവര്‍ തയാറായത്. എങ്കിലും അവരുടെ ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയാതെ വന്നതോടെ സംവിധായകന് തന്നെ പിന്നീട് നടിയെ മാറ്റാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു എന്നാണ് വിവരം.കുഞ്ഞിന് ജന്മം നല്കിയ ശേഷം കുറച്ചുകാലമായി സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന ദീപികയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു സ്പിരിറ്റ്.
പ്രഭാസിനൊപ്പം തൃപ്തി ദിമ്രി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് സ്പിരിറ്റ്. സന്ദീപ് റെഡ്ഡി വാംഗയുമായുള്ള അവരുടെ രണ്ടാമത്തെ ചിത്രവും. അനിമല്ആണ് ആദ്യത്തേത്. സ്പിരിറ്റിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് വിവരം.