ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ ഒരു ഹോട്ടലിൽ സൺബാത്ത് ചെയ്യുന്നതിനിടെ അമേരിക്കൻ വിനോദസഞ്ചാരികളായ സഹോദരിമാരുടെ ദൃശ്യങ്ങൾ പകര്‍ത്തിയയാളെ പോലീസ് തെരയുന്നു. അര്‍ധനഗ്നരായി സൺബാത്ത് ചെയ്യുന്നത് ഒരാൾ രഹസ്യമായി മൊബൈലിൽ ചിത്രീകരിച്ചെന്നാണ് വീഡിയോ സഹിതം സഹോദരിമാര്‍ ആരോപിക്കുന്നത്.
മാതാപിതാക്കളോടൊപ്പം ലോകം ചുറ്റിക്കറങ്ങാനിറങ്ങിയ റോറി, സേജ് എന്നീ സഹോദരിമാരാണ് ഇന്ത്യയിൽ തങ്ങൾ താമസിച്ച ഹോട്ടലിലെ അനുഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഹോട്ടൽ പരിസരത്ത് സൺബാത്ത് ചെയ്യുകയായിരുന്ന ഇവരുടെ വീഡിയോ മറ്റൊരു ഹോട്ടൽ റൂമിലെ ജനലിലൂടെ ഒരാൾ പകര്‍ത്തുന്നത് വീഡിയോയിൽ കാണാം. ഇത് ശ്രദ്ധയിൽപ്പെട്ട യുവതികൾ തുണികൊണ്ട് ശരീരം മറച്ചാണ് പിന്നീട് സൺ ബാത്തിനു കിടന്നത്.
വീഡിയോക്കൊപ്പമുള്ള അടിക്കുറിപ്പിൽ യുവതികൾ തങ്ങളുടെ നീരസം പരസ്യമാക്കി. “ഒരു സ്ത്രീ ഇന്ത്യയിലേക്ക് വരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, കൂട്ടിന് ഒരു പുരുഷൻ ഇല്ലാതെ വരരുത്, നിങ്ങൾ പൂര്‍ണമായി വസ്ത്രം ധരിച്ച് സൺബാത്ത് ചെയ്താലും ഈ പെരുമാറ്റം ഇവിടെ വളരെ സാധാരണമാണ്’ കുറപ്പിൽ പറയുന്നു. വിഷയം ഗൗരവത്തോടെ കാണണമെന്നും രാജ്യത്തിനുതന്നെ അപമാനമുണ്ടാക്കുന്ന പ്രവൃത്തി ചെയ്യുന്നവര്‍ക്കെതിരേ നടപടി വേണമെന്നും നിരവധി പേര് പ്രതികരിച്ചു.