അമ്പലപ്പുഴ: ഭിന്നശേഷിക്കാരന്റെ വീടും പുരയിടവും വെള്ളക്കെട്ടിൽ. പരാതി നൽകി മടുത്തിട്ടും പരിഹാരമാകാതെ വന്നതോടെ വാടകവീട്ടിൽ അഭയംതേടി കുടുംബം. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് പായൽക്കുളങ്ങര അകമ്പടിശേരിൽ കുമാറും കുടുംബവുമാണ് അധികൃതരുടെ അനാസ്ഥ മൂലമുണ്ടായ വെള്ളക്കെട്ടിൻന്റെ ദുരിതത്തിലായത്. ദേശീയപാത വികസനത്തെത്തുടർന്ന് മലിനജലത്തിലായ വീട്ടിൽനിന്ന് ഇവർ വാടക വീട്ടിലേക്ക് മാറിയിട്ട് രണ്ടു മാസമായി.
ജില്ലാ കളക്ടർ, എഡിഎം, പഞ്ചായത്ത് തുടങ്ങി തന്റെ ദുരിതത്തിനു പരിഹാരം തേടി കുമാർ മുട്ടാത്ത വാതിലുകളില്ല. എന്നാൽ, പരാതികളെല്ലാം ഫയലുകളിൽ ഉറങ്ങുകയാണ്. പായൽകുളങ്ങരയിൽ ദേശീയപാതയിൽനിന്ന് കടപ്പുറത്തേക്കുള്ള റോഡരികിൽ രണ്ടാമത്തെ വീടാണ് കുമാറിന്റേത്. അമ്പലപ്പുഴ കച്ചേരിമുക്കിൽ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ നടത്തുന്ന ചെറിയ കടയിൽനിന്നുള്ള വരുമാനത്തിലാണ് കുമാറും ഭാര്യ സുനിതയും മക്കളായ ഹരികൃഷ്ണനും ഹരിതയുമടങ്ങുന്ന കുടുംബം കഴിയുന്നത്.
ഇവരുടെ വീടിനുപിന്നിലുള്ള നാട്ടുതോടിലൂടെ ദേശീയപാതയിലെ കാനയിലേക്കാണ് കാലങ്ങളായി പെയ്ത്തുവെള്ളം ഒഴുകിപ്പോകുന്നത്. നാട്ടുതോട് പിന്നീട് ഒരു മാൻഹോളായി ചുരുങ്ങി. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പുതിയ കാന സ്ഥാപിച്ചതോടെ മാൻഹോളിലൂടെ വെള്ളം പുറത്തേക്ക് ഒഴുകാതെയായി.
ഒന്നരമാസം മുൻപ് കുമാറിന്റെ വീട്ടിനുള്ളിൽ മലിനജലം കയറി. മലിനജലത്തിൽ കഴിയാനാകാതെ ഇരുപതു ദിവസക്കാലം സമീപത്തെ പായൽക്കുളങ്ങര ശ്രീദേവീക്ഷേത്രത്തിലെ സദ്യാലയത്തിലേക്കു കുടുംബം താമസം മാറ്റി. സദ്യാലയത്തിൽ ചടങ്ങുകൾ നടത്തേണ്ടിവന്നതിനാൽ ഇവർ തത്കാലത്തേക്ക് പരിസരത്തുള്ള ബന്ധുവീട്ടിലായി താമസം.
ഇപ്പോൾ നീർക്കുന്നത്ത് വാടകവീട്ടിലാണ് താമസം. സമീപത്തുള്ള റിട്ട. അധ്യാപിക കാർത്തികയിൽ തങ്കമ്മ ജനാർദനന്റെ വീടും വെള്ളക്കെട്ടിലായി. പ്രളയകാലത്തുപോലും ഒരു തുള്ളി വെള്ളം മുറ്റത്തില്ലാതിരുന്ന പ്രദേശമാണ് ഇപ്പോൾ അധികൃതരുടെ വീഴ്ച മൂലം പ്രളയസമാനമായിരിക്കുന്നത്. ഇനി തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാൻ എവിടെപ്പോകണമെന്ന ചോദ്യമാണ് ഇവർ ഉന്നയിക്കുന്നത്.