മങ്കൊമ്പ്: പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്നതിനിടെ മോട്ടോർതറയിലെ ബെൽറ്റിൽ ലുങ്കി കുരുങ്ങിയുണ്ടായ അപകടത്തിൽ മോട്ടോർ ഡ്രൈവർ മരിച്ചു. ചമ്പക്കുളം ഗ്രാമപഞ്ചായത്ത് ഒന്നാംകര കോളനി നമ്പർ 27ൽ പാറശേരിച്ചിറ ജോസഫ് ജോർജ് (69) ആണ് മരിച്ചത്. എസി റോഡിനു സമീപത്തുള്ള ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ മൂല പൊങ്ങമ്പ്ര പാടശേഖരത്തിന്റെ ഒന്നാംകര ചേനാവള്ളി മോട്ടോർ തറയിലായിരുന്നു സംഭവം. രാവിലെ 11.30 ഓടെയായിരുന്നു അപകടം നടന്നത്.
രാവിലെ 11 വരെ ഇദ്ദേഹത്തെ നാട്ടുകാർ കണ്ടിരുന്നു. 12.30 ഓടെ അതുവഴിവന്ന നാട്ടുകാരാണ് ജോസഫ് ജോർജ് അപകടത്തിൽപ്പെട്ട നിലയിൽ കണ്ടത്. മോട്ടോർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടെ ബെൽറ്റിനിടയിൽ കുരുങ്ങിപ്പോകുകയായിരുന്നുവെന്നാണ് കരുതുന്നത്.
അപകടത്തിൽ ജോസഫ് ജോർജിന്റെ വലതുകൈ അറ്റുപോയിരുന്നു.
അപകടത്തെത്തുടർന്നു മോട്ടോറും മറിഞ്ഞുനിലത്തു വീണ നിലയിലായിരുന്നു. താത്കാലിക ഡ്രൈവറായി കഴിഞ്ഞ ജൂണിലാണ് ജോസഫ് ജോർജ്് ഇവിടെ ജോലിക്കെത്തിയത്. പുളിങ്കുന്ന് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്ഥികരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: കഞ്ഞുമോൾ. മക്കൾ: മറിയാമ്മ ജോസഫ്, ജാൻസി ജോസഫ്. മരുമക്കൾ: അനീഷ്, ജോ.