ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലും സമീപപ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമായി. വഴിയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കും ഭീഷണിയുയര്‍ത്തി നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ ജനജീവിതം ദുഃസഹമായി. മാലിന്യം അശാസ്ത്രീയമായി തള്ളുന്നതാണ് തെരുവുനായ്ക്കളുടെ വര്‍ധനവിന് പ്രധാന കാരണമെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു.
ഹോട്ടലുകളില്‍നിന്നു പുറന്തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങളും മത്സ്യ-മാംസ വ്യാപാരികള്‍ വലിച്ചെറിയുന്ന മാലിന്യങ്ങളും തെരുവുനായ്ക്കള്‍ പെരുകാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ നായ്ക്കള്‍ ആളുകളെ ആക്രമിക്കുന്ന സ്ഥിതിയാണ്.
നഗരത്തിലെ ഇടറോഡുകളിലും ആളൊഴിഞ്ഞ പുരയിടങ്ങളിലും അടഞ്ഞുകിടക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നിലും നായ്ക്കള്‍ കൂട്ടമായി തമ്പടിക്കുന്നത് ഭീതിയുണ്ടാക്കുന്നു. പ്രഭാത സവാരിക്കാരും വിശ്വാസികളും പത്ര-പാല് വിതരണക്കാര്‍ എന്നിവരെല്ലാം തെരുവുനായ്ക്കളുടെ ആക്രമണ ഭീഷണിയിലാണ്.
ഫെഡറല്‍ ബാങ്കിന്റെ പരിസരം, ചെങ്ങന്നൂര്‍ സ്മാര്‍ട്ട് ബസാര്‍, ഇരുപത്തിയേഴാം വാര്‍ഡ് വലിയപള്ളിയുടെ സമീപ പ്രദേശങ്ങള്‍, സപ്ലൈകോയുടെ സമീപം, മാര്‍ക്കറ്റ്, ബഥേല്‍ ജംഗ്ഷന് എന്നിവിടങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്. വളര്‍ത്തുമൃഗങ്ങളെയും തെരുവുനായ്ക്കള്‍ ആക്രമിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളെ രാത്രിയില്‍ അഴിച്ചുവിടാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നു നാട്ടുകാര്‍ പറയുന്നു.
അധികൃതര്‍ക്കെതിരേ പ്രതിഷേധം
ഇരുചക്രവാഹനങ്ങള്‍ക്ക് കുറുകെ ചാടി നായ്ക്കള്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നത് പതിവാണ്. തെരുവുനായ്ക്കളുടെ ശല്യം ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടും ഉത്തരവാദിത്വപ്പെട്ടവര്‍ മൗനം പാലിക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി നഗരസഭ ആവിഷ്കരിച്ച എബിസി (ആനിമല്‍ ബര്‍ത്ത് കണ്ട്രോള്) പദ്ധതിക്ക് കാര്യമായ ഫലമുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
നഗരത്തിലെ തെരുവുനായ്ക്കളെ കൊണ്ടുപോയി വന്ധ്യംകരണം നടത്തി അതേസ്ഥലത്തുതന്നെ തിരികെ വിടുന്നതാണ് ഈ പദ്ധതി. നാട്ടുകാര്‍ക്ക് ഭീഷണിയാകുന്ന തെരുവുനായ്ക്കളെ തുരത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
റോയി ചെങ്ങന്നൂര്‍ (പത്രഏജന്റ്)
മുനിസിപ്പാലിറ്റിയിലെ 27-ാം വാര്‍ഡില്‍, വലിയ പള്ളിയുടെ സമീപപ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. പുലര്‍ച്ചെ സൈക്കിളില്‍ വീട്ടില്‍നിന്നു ചെങ്ങന്നൂര്‍ ടൗണിലേക്ക് പത്രം എടുക്കാന്‍ പോകുമ്പോള്‍ ഇത് വലിയ ഭീഷണിയുയര്‍ത്തുന്നു.
ചിലപ്പോള്‍ നായ്ക്കള്‍ പിന്നാലെ കൂടുകയും ചെയ്യുന്നു. കൂടാതെ, കരുവേലിപ്പടിക്കല്നിന്നും പേരിശേരിക്കു പോകുന്ന റോഡില്‍ വഴിയരുകുകള്‍ കാടുപിടിച്ച് കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും ഈ പ്രദേശത്ത് രൂക്ഷമാണ്. ഇതിന് അടിയന്തരമായി നഗരസഭ മുന്‍കൈയെടുത്ത് പരിഹാരം കാണുകയും ജനങ്ങളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുകയും വേണം.