സ്വന്തം ലേഖകൻ
തൃശൂർ: മനുഷ്യനെ മുന്നിൽ കണ്ടുകൊണ്ടാകണം പരിസ്ഥിതിസംരക്ഷണമെന്ന മാക്സിയൻ കാഴ്ചപ്പാടു തന്നെയാണ് ഇടതുപക്ഷ സർക്കാർ ആവിഷ്കരിക്കുന്ന നയത്തിനകത്തും ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മനുഷ്യൻ ഒരു പ്രശ്നമല്ലാതിരിക്കുകയും പരിസ്ഥിതിയെ മാത്രം കാണുകയും ചെയ്യുന്ന യാന്ത്രികമായ സമീപനം കമ്യൂണിസ്റ്റുകാർക്കില്ല. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനം തന്നെയാണ് എൽഡിഎഫിന്റെ കാഴ്ചപ്പാട്. ഇത് ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി ആവിഷ്കരിക്കുന്ന ഒരു നയമല്ല.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം 150 വർഷം മുന്പ് തയാറാക്കിയ മൂലധനത്തിൽ തന്നെ കാറൽ മാക്സ് രേഖപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതിയെ കൊള്ളയടിക്കുന്നതു മുതലാളിത്തമാണ്. മുതലാളിത്തം വളരുന്നതു പരിസ്ഥിതിയെ കൊള്ളയടിച്ചുകൊണ്ടാണെന്നും മാക്സ് മൂലധനത്തിൽ സമർത്ഥിച്ചിട്ടുണ്ട്. അതുകൊണ്ട് കമ്യൂണിസ്റ്റുകാർ എല്ലായിടത്തും പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് കാണുന്നത്.
നെല്ല്-പച്ചക്കറി ഉത്പാദനരംഗത്തു കേരളം ഇന്നു കൈവരിച്ച നേട്ടങ്ങൾ ഈ നയത്തിന്റെ പ്രതിഫലനമാണെന്നു പറഞ്ഞ കോടിയേരി അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സംബന്ധിച്ച നയം പ്രസംഗത്തിൽ ഒരിടത്തും പരാമർശിച്ചില്ലെന്നതും ശ്രദ്ധേയമായി. തൃശൂർ റീജണൽ തിയറ്ററിൽ 19-ാംമത് ഇഎംഎസ് സ്മൃതി സമാപന സമ്മേളനത്തിൽ “കേരള ബദലിന്റെ ശക്തിയും യുക്തിയും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ആർടിസിയെ സ്വകാര്യവത്കരിക്കുക എന്നതു സർക്കാർ നയമല്ല. കെഎസ്ആർടിസിയുടെ സംരക്ഷണം ഒരു പ്രധാനപ്പെട്ട അജൻഡയായാണ് ഇടതുപക്ഷം കാണുന്നത്. കെഎസ്ആർടിസിയെ ഇന്നത്തെ നിലയിൽനിന്നും മോചിപ്പിച്ച് ആധുനിക ട്രാൻസ്പോർട്ട് വ്യവസായ സ്ഥാപനമെന്ന നിലയിൽ പുനഃസംവിധാനം ചെയ്യും. പ്രവാസി പങ്കാളിത്തത്തോടെ വികസനം ലക്ഷ്യമിട്ട് അഖിലകേരള മലയാളിസഭ സംഘടിപ്പിക്കുകയാണ് മറ്റൊരു ലക്ഷ്യം. 140 എംഎൽഎമാരും പ്രവാസികളും ഒരുമിച്ചിരുന്ന് അവരുടെ പ്രശ്നങ്ങൾ മാത്രം ചർച്ചചെയ്യും.
ചൈനയുടെ വികസനത്തിന് അവിടത്തെ പ്രവാസികൾ നല്കിയ വലിയ സംഭാവനകളുടെ മാതൃകയാണ് സ്വീകരിക്കുന്നത്. ഭരണനിർവഹണം സംബന്ധിച്ച് പ്രോഗ്രസ് കാർഡ് പുറത്തിറക്കിയ ആദ്യ സർക്കാരാണ് പിണറായിയുടേതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. സിപിഎം സംസ്ഥന സെക്രട്ടേറിയറ്റംഗം ബേബി ജോണ്, മുരളി പെരുനെല്ലി എംഎൽഎ, പി.കെ. ഷാജൻ, കെ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.