മലയാള സിനിമാ നിര്മാതാക്കളുടെ സംഘടനയിലെ ഭിന്നതകള്ക്കിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന് സാന്ദ്ര തോമസും രംഗത്ത്. ഓഗസ്റ്റ് 14 നാണ് നിർമാതാക്കളുടെ സംഘടനയിലേക്കുള്ള തെരഞ്ഞടുപ്പ് നടക്കുന്നത്.
പർദ ധരിച്ചാണ് സാന്ദ്ര പത്രിക സമർപ്പിക്കാൻ എത്തിയത്. ചില ആളുകളുടെ തുറിച്ചു നോട്ടം ഒഴിവാക്കാനാണ് താൻ പർദ ധരിച്ചെത്തിയതെന്ന് സാന്ദ്ര വ്യക്തമാക്കി. താരങ്ങളുടെ മുന്നില് ഓച്ഛാനിച്ച് നില്ക്കുന്നവരല്ല സംഘടനയെ നയിക്കേണ്ടതെന്നും താന് പ്രസിഡന്റായാല് സംഘടനയില് ഗുണപരമായ മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പ്രതികരിച്ചു.
‘ഞാൻ നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. എന്റെ ഒരു നിലപാടിന്റെ ഭാഗവും കൂടിയായിട്ടാണ് മത്സരിക്കുന്നത്. നിർമാതാക്കളുടെ സംഘടന പതിറ്റാണ്ടുകളായിട്ടു കുറച്ചുപേരുടെ കുത്തകയായിട്ടിരിക്കുന്ന സംഘടനയാണ്.
സംഘടന കുറച്ചുപേർ അവരുടെ ലാഭത്തിനു വേണ്ടി മാത്രം ഉപയോഗിക്കുമ്പോൾ മറ്റു നിർമാതാക്കൾക്ക് അതിൽ നിന്നൊരു ഗുണം ഉണ്ടാകുന്നില്ല. അത് മാത്രമല്ല ഇത് പരോക്ഷമായി ഇൻഡസ്ട്രിയെ മുഴുവനായി ബാധിക്കുന്നുണ്ട്.
ഇപ്പോൾ കഴിഞ്ഞ കുറെ മാസങ്ങളിൽ ഇവർ സിനിമയുടെ ലാഭ നഷ്ട കണക്കുകൾ പുറത്തുവിട്ടു. ഇതിൽ ആർക്ക് ഗുണമുണ്ടായി? അതൊരു വമ്പൻ പരാജയമായിരുന്നു. ഇത് അസോസിയേഷന്റെ പരാജയമാണ്.
അത് അവർക്ക് നിർത്തേണ്ടി വന്നു. താരങ്ങളുടെ പിന്നാലെ നിൽക്കുകയും അവരുടെ പിന്നിൽ ഓച്ഛാനിച്ചു നിൽക്കുകയും ചെയ്യേണ്ടവരല്ല നിർമാതാക്കൾ. നിർമ്മാതാക്കളുടെ സംഘടന ഏറ്റവും ശക്തമായ സംഘടന ആണ്. ആ സംഘാടനയെ ഇത്രയും ഉന്മൂലനം ചെയ്ത് ഇല്ലാതാക്കിയത് ഈ നേതാക്കളാണ്’ എന്ന് സാന്ദ്ര തോമസ് പറഞ്ഞു.