ഏറ്റുമാനൂർ: തുടക്കത്തിൽത്തന്നെ കാര്യക്ഷമമായി അന്വേഷിച്ചിരുന്നെങ്കിൽ ജയ്നമ്മയെ കണ്ടെത്താൻ സാധിക്കുമായിരുന്നെന്ന് കാണാതായ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ കെ.എ. മാത്യുവിന്റെ ഭാര്യ ജയ്നമ്മയുടെ ബന്ധുക്കൾ. കഴിഞ്ഞ ഡിസംബർ 23നാണ് ജയ്നമ്മയെ കാണാതായത്.
ജയ്നമ്മയെ കാണാതായതിൽ ദുരൂഹത സംശയിച്ച് ആദ്യം സഹോദരങ്ങളും പിന്നീട് ഭർത്താവും ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. എന്നാൽ കാര്യമായ അന്വേഷണം നടന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മൂന്നു തവണ ജയ്നമ്മയുടെ ഫോണിൽനിന്ന് സഹോദരിയുടെ ഫോണിലേക്ക് കോൾ വന്നിരുന്നു. അപ്പോഴെല്ലാം ചേർത്തല പള്ളിപ്പുറമാണ് ലൊക്കേഷൻ എന്നും മനസിലാക്കിയിരുന്നു.
മൂന്നു തവണയും തങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടി ഏറ്റുമാനൂർ പോലീസിനെ സമീപിച്ചെങ്കിലും ഈ കോളുകളെ പിന്തുടർന്നുള്ള അന്വേഷണത്തിന് പോലീസ് തയാറായില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അന്ന് അന്വേഷിച്ചിരുന്നെങ്കിൽ ജയ്നമ്മയെ കണ്ടെത്താൻ സാധിക്കുമായിരുന്നെന്ന് ഇവർ പറയുന്നു.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലേക്ക് തങ്ങളെ വിളിച്ചുവരുത്തി സമ്മർദം ചെലുത്തിയതിനെ തുടർന്ന് പരാതി പിൻവലിക്കുന്നതായി എഴുതിനൽകേണ്ടി വന്നതായും ഇവർ പറയുന്നു. പിന്നീട് തങ്ങൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഈ ഫോൺ വിളികളെ പിന്തുടർന്നാണ് പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനിലേക്ക് എത്തിയതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.