ന്യൂയോർക്ക്: 140 കോടി ജനങ്ങളുണ്ടെന്നു പൊങ്ങച്ചം പറയുന്ന ഇന്ത്യ അമേരിക്കയിൽനിന്ന് ഒരു മണി ധാന്യംപോലും വാങ്ങുന്നില്ലെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക്.
ഇന്ത്യ തീരുവ കുറച്ചില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ഇന്ത്യ, കാനഡ, ബ്രസീൽ രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ലുട്നിക്.
“വ്യാപാരബന്ധം ഏകപക്ഷീയമാണ്. അവർ ഞങ്ങൾക്ക് ഉത്പന്നങ്ങൾ വിറ്റ് നേട്ടമുണ്ടാക്കുന്നു. അവരുടെ സന്പദ്വ്യവസ്ഥയിൽനിന്ന് ഞങ്ങളെ അകറ്റിനിർത്തുന്നു. 140 കോടി ജനങ്ങളുണ്ടെന്ന് പൊങ്ങച്ചം പറയുന്ന ഇന്ത്യ ഞങ്ങളുടെ ഒരു മണി ധാന്യംപോലും വാങ്ങുന്നില്ല. എല്ലാത്തിനും ഇന്ത്യ തീരുവ ചുമത്തുന്നു’’-ലുട്നിക് കുറ്റപ്പെടുത്തി.
ഇന്ത്യക്കു മേൽ 50 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. ആദ്യം 25 ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപ് ഭരണകൂടം, റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ 25 ശതമാനം തീരുവകൂടി ചുമത്തുകയായിരുന്നു.