ചങ്ങനാശേരി: ഓണ്‍ലൈന്‍ ട്രേഡിന്റെ പേരില്‍ ചങ്ങനാശേരി സ്വദേശിയുടെ 1.6കോടി തട്ടിയ പ്രതി അറസ്റ്റിൽ. കോഴിക്കോട് കവണത്തറ നടുവണ്ണൂര്‍ കീഴന്പറമ്പത്ത് കെ.പി. ഗോപിഷ് (36) ആണ് അറസ്റ്റിലായത്.
ഫൈന്ബ്രിഡ്ജ് കാപ്പിറ്റല്‍ എന്ന ഓണ്‍ലൈന്‍ കമ്പനിയുടെ പേരില്‍ 2025 ഫെബ്രുവരി 21 മുതല്‍ മേയ് മുപ്പതുവരെയുള്ള തീയതികളിലായാണ് ചങ്ങനാശേരി തുരുത്തി സ്വദേശിയില്‍ നിന്നും 1,06,40,491 രൂപ പ്രതി വാങ്ങിയെടുത്തത്. അമിത ലാഭം നല്‍കാമെന്നു പറഞ്ഞ്പണം വാങ്ങിയശേഷം മുതലുപോലും നല്‍കാതെ വന്നതോടെയാണ് പണം നഷ്ടമായ ആള് പോലീസിനെ സമീപിച്ചത്.
പരാതിക്കാരന്റെ മൊഴിയില്‍ ചങ്ങനാശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശപ്രകാരം കോട്ടയം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ അന്വേഷണം നടത്തിവരികയായിരുന്നു.
തട്ടിയെടുത്ത പണം പ്രതി പല വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിലുള്ള അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളതായും ഒരു വലിയ തുക എസ്ബി ഐയുടെ നടുവണ്ണൂര്‍ ശാഖയിലെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളതായും കണ്ടെത്തി.
തുടര്‍ന്ന് ബാങ്കിലെത്തി അക്കൗണ്ടിന്റെ ഉടമയെപ്പറ്റി വിശദമായി അന്വേഷിച്ചതില്‍ ഉടമ ഗോപിഷ് ആണെന്നും മനസിലാകുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സൈബര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ഹണി കെ. ദാസിന്റെ മേല്‍നോട്ടത്തില്‍ ചങ്ങനാശേരി പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ജെ.സന്ദീപ്, എഎസ്ഐ അരുണ, സീനിയര്‍ സിപിഒമാരായ ടോമി സേവ്യര്‍, തോമസ് സ്റ്റാന്‍ലി, സിപിഒ നിയാസ് എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ ഭാഗത്തുനിന്നും പിടിയിലായത്.
വിശദമായ ചോദ്യം ചെയ്യലില്‍ ഒരു ലക്ഷം രൂപയ്ക്ക് ആയിരം രൂപ കമ്മീഷന് നിരക്കില്‍ അക്കൗണ്ട് വാടകയ്ക്ക് നല്‍കിയതാണ് എന്നും അക്കൗണ്ടില്‍ പണം വന്നാല്‍ ഉടന്‍ വിവരം തട്ടിപ്പുകാരെ അറിയിക്കുകയും പണം അവര്‍ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു രീതി എന്നും അറസ്റ്റിലായ പ്രതി പറഞ്ഞു.
തട്ടിപ്പില്‍ പങ്കാളികളായിട്ടുള്ള മുഴുവനാളുകള്ക്കായും അന്വേഷണം തുടരുമെന്നും പോലീസ് പറഞ്ഞു. ചെറിയ ലാഭത്തിനായി കമ്മീഷന് വ്യവസ്ഥയില്‍ അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്കുമ്പോള് ഈ അക്കൗണ്ട് ഉടമയും കേസില്‍ പ്രതിയാകും എന്ന കാര്യവും പോലീസ് ഓര്‍മിപ്പിക്കുന്നു.