വാഷിംഗ്ടൺ ഡിസി: എച്ച്1 ബി വിസ അപേക്ഷാഫീസ് കുത്തനെ വർധിപ്പിച്ച് യുഎസ്. പ്രതിവർഷം ഒരു ലക്ഷം ഡോളർ ഫീസ് ചുമത്തിയുള്ള ഉത്തരവിൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഒപ്പുവച്ചു. നീക്കം എച്ച്-1ബി വിസയുടെ പ്രധാന ഗുണഭോക്താക്കളായ ഇന്ത്യൻ ടെക്കികളെ വലിയ രീതിയിൽ ബാധിക്കും. നാളെ മുതൽ പുതിയ ചട്ടം പ്രാബല്യത്തിൽ വരും.
‘എച്ച്-1ബി വിസയ്ക്ക് പ്രതിവർഷം ഒരു ലക്ഷം ഡോളർ നൽകണം. എല്ലാ വലിയ കമ്പനികളും ഫീസ് നൽകാൻ തയാറാണ്. ഞങ്ങൾ അവരുമായി സംസാരിച്ചു.’ യുഎസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞു. യുഎസ് ബിരുദധാരികൾക്ക് മുൻഗണന നൽകാനാണ് ഈ നയം ലക്ഷ്യമിടുന്നത്. “നിങ്ങൾ ഒരാളെ പരിശീലിപ്പിക്കാൻ പോകുകയാണെങ്കിൽ, യുഎസിലെ മികച്ച യൂണിവേഴ്സിറ്റികളിൽനിന്ന് ബിരുദം നേടിയവരെ പരിശീലിപ്പിക്കുക. യുഎസ് പൗരന്മാരെ പരിശീലിപ്പിക്കുക. ജോലിക്കായി ആളുകളെ കൊണ്ടുവരുന്നത് നിർത്തുക.’ ലുട്നിക് കൂട്ടിച്ചേർത്തു. അതേസമയം, പുതിയ വിസ ഫീസിൽ ആമസോൺ, ആപ്പിൾ, ഗൂഗിൾ, മെറ്റ തുടങ്ങിയ പ്രമുഖ ടെക് കമ്പനികൾ ഇതിനോടു പ്രതികരിച്ചില്ല.
വിസ ലഭിക്കുന്നവരിൽ കൂടുതലും ഇന്ത്യക്കാർ
വൈദഗ്ധ്യം ആവശ്യമുള്ള തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വിസയാണ് എച്ച്1ബി വിസ. ശാസ്ത്രം, എൻജിനീയറിംഗ്, ഗണിതശാസ്ത്രം തുടങ്ങിയ മേഖലകളിലെ ജോലികൾക്കായി യുഎസ് ടെക് കമ്പനികൾ വ്യാപകമായി ഉപയോഗിക്കുന്ന എച്ച്-1ബി സംവിധാനം, അമേരിക്കൻ പൗരന്മാരായ ജീവനക്കാരുടെ വേതനം കുറയ്ക്കുന്നതിനുള്ള മാർഗമാണെന്ന് ട്രംപും അദ്ദേഹത്തിന്റെ സഖ്യകക്ഷികളും വളരെക്കാലമായി വിമർശനം ഉന്നയിക്കുന്നുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, എല്ലാ എച്ച്-1ബി വിസ ലഭിക്കുന്നവരിൽ 71 ശതമാനവും ഇന്ത്യക്കാരാണ്. 11.7 ശതമാനം ചൈനക്കാർക്കും വിസ ലഭിക്കുന്നു. എച്ച്-1 ബി വിസയുടെ കാലാവാധിമൂന്നു മുതൽ ആറു വർഷം വരെയാണ്. നിയമപരമായ കുടിയേറ്റം നിയന്ത്രിക്കാനോ അതിൽനിന്ന് വരുമാനം വർധിപ്പിക്കാനോ ഉള്ള ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ ശ്രമമാണ് ഫീസ് വർധന.