കൊച്ചി: അച്ചടക്കത്തിന്റെയും കുട്ടികളെ തിരുത്തുന്നതിന്റെയും ഭാഗമായി അധ്യാപകന് ചൂരല്‍പ്രയോഗം നടത്തുന്നത് കുറ്റകരമല്ലെന്നു ഹൈക്കോടതി. കുട്ടികളുടെ തെറ്റ് തിരുത്താനുള്ള അധികാരം അധ്യാപകര്‍ക്കുണ്ടെന്നും ജസ്റ്റീസ് സി. പ്രദീപ് കുമാര്‍ വ്യക്തമാക്കി.
പരസ്പരം അടി കൂടിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളെ ചൂരല്‍കൊണ്ടു തല്ലിയതിനെത്തുടര്‍ന്ന് അധ്യാപകനെതിരേ വടക്കാഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണു കോടതിയുടെ നിരീക്ഷണം.
മൂന്ന് വിദ്യാര്‍ഥികള്‍ പരസ്പരം വഴക്കിടുന്നതു ശ്രദ്ധയില്‍പ്പെട്ട അധ്യാപകന് അവരുടെ കാലില്‍ ചൂരല്‍പ്രയോഗം നടത്തിയതിനെത്തുടര്‍ന്ന് ഒരു രക്ഷിതാവ് നല്കിയ പരാതിയിലാണു കേസെടുത്തത്.
കേസ് പാലക്കാട് അഡീ. സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, അടികൂടിയ കുട്ടികളെ തടയുകയല്ലാതെ മറ്റൊരു ഉദ്ദേശ്യവും അധ്യാപകനുണ്ടായിരുന്നില്ലെന്നും ശരിയായ ലക്ഷ്യത്തോടെ കുട്ടികളെ അധ്യാപകന് അടിച്ചാല്‍ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.
നന്നായി വളരാനുള്ള ചെറിയ ശിക്ഷയായിട്ടേ ഇതിനെ കാണാനാകൂ. അധ്യാപകന്റെ നല്ല ഉദ്ദേശ്യത്തെ തിരിച്ചറിയാത്ത രക്ഷിതാക്കളുടെ നടപടി ശരിയല്ലെന്നും കോടതി പറഞ്ഞു.

