തിരുവനന്തപുരം: അതിദാരിദ്ര്യത്തിൽനിന്നു മാത്രമേ നാം മുക്തരായിട്ടുള്ളൂവെന്നും ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നിൽ ബാക്കിയാണെന്നും നടൻ മമ്മൂട്ടി. അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപന പൊതുസമ്മേളന വേദിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരുപാട് പ്രതിസന്ധികളെ കേരള ജനത തോളോടു തോൾചേർന്നു നിന്ന് അതിജീവിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടയ കാലത്തുനിന്നും ഇക്കാലത്തെത്തുന്പോൾ ദാരിദ്ര്യം കുറയ്ക്കാനായി. അതിനു കാരണമായത് നമ്മുടെ സാമൂഹ്യബോധമാണ്. പരസ്പര സ്നേഹവും പരസ്പര വിശ്വാസവുമാണ്.
രാജപാതകളും കെട്ടിടങ്ങളും മാത്രമല്ല വികസനം. വികസിക്കേണ്ടത് നമ്മുടെ സാമൂഹ്യജീവിതമാണെന്നും മമ്മൂട്ടി പറഞ്ഞു.എട്ടു മാസത്തിനുശേഷമാണ് പൊതുവേദിയിൽ താൻ എത്തുന്നത്. അത് കേരളപ്പിറവി ദിനത്തിലായതിൽ വലിയ സന്തോഷം. കേരളം എന്നേക്കാൾ ചെറുപ്പമാണ്.
അപ്പോൾ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതേയുള്ളൂ കേരളം എത്രത്തോളം ചെറുപ്പമാണെന്ന്. സാമൂഹ്യ സൂചികകളിൽ കേരളം പലപ്പോഴും ലോകത്തെ അന്പരപ്പിച്ചിട്ടുണ്ട്. ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത് നമ്മുടെ സാമൂഹ്യബോധവും ജനാധിപത്യബോധവുമാണ്. അതിദാരിദ്ര്യ നിർമാർജന പദ്ധതി റിപ്പോർട്ട് മുഖ്യമന്ത്രി മമ്മൂട്ടിക്ക് കൈമാറി പ്രകാശനം ചെയ്തു.
സ്വന്തം ലേഖകൻ

