എരുമേലി: ശബരിമല തീർഥാടന കാലത്തേക്കുള്ള ശൗചാലയങ്ങൾ ലേലം ചെയ്തതിൽ എരുമേലി പഞ്ചായത്തിന് വൻ വരുമാനനേട്ടം. പഞ്ചായത്ത് ഓഫീസ് പരിസരത്തെ കെട്ടിടം, ഓരുങ്കൽക്കടവ്, പേരൂർത്തോട് എന്നിവിടങ്ങളിലെ പഞ്ചായത്തുവക ശൗചാലയങ്ങളുടെ ലേലത്തിലാണ് ഉയർന്ന തുക ലഭിച്ചത്.
കഴിഞ്ഞ ശബരിമല സീസണിൽ 4500 രൂപയ്ക്ക് ലേലം ചെയ്ത പഞ്ചായത്ത് ഓഫീസ് പരിസരത്തെ ശുചിമുറികൾ ഇത്തവണ ലേലത്തിൽ പോയത് 36,500 രൂപയ്ക്കാണ്. മണിമലയാറിലെ ഓരുങ്കൽക്കടവ് ഭാഗത്തുള്ള ശൗചാലയം 45,000 രൂപയ്ക്കാണ് കഴിഞ്ഞ സീസണിൽ ലേലം ചെയ്തത്.
ഇത്തവണ ഇത് 1.16 ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്യപ്പെട്ടത്. പേരൂർത്തോട് ഭാഗത്തെ ടേക്ക് എ ബ്രേക്ക് വഴിയിട വിശ്രമ കേന്ദ്രം ഇത്തവണ 73,000 രൂപയ്ക്കാണ് ലേലം ചെയ്തിരിക്കുന്നത്. എയ്ഞ്ചൽവാലിയിൽ പമ്പയാറിലെ കുളിക്കടവിലുള്ള ടേക്ക് എ ബ്രേക്ക് കേന്ദ്രം കൂടി ഇനി ലേലം ചെയ്യാനുണ്ട്.

