ബംഗളൂരു: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിലെ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍സിബി) ഫ്രാഞ്ചൈസി വില്‍പ്പനയ്ക്ക്. 2026 ഐപിഎല്‍ സീസണിനു മുമ്പ് ആര്‍സിബിക്കു പുതിയ ഉടമകളാകുമെന്നാണ് വിവരം.
മദ്യക്കമ്പനിയായ ഡിയാജിയോയുടെ ഉടമസ്ഥതയിലാണ് നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് (ആര്‍സിഎസ്പിഎല്‍). സെബിയില്‍ (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ക്ലബ് വില്‍പ്പന സംബന്ധിച്ചുള്ള ആദ്യനീക്കം ഡിയാജിയോ ബുധനാഴ്ച നടത്തി.
2025-26 ഇന്ത്യന്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ വില്‍പ്പന പൂര്‍ത്തിയാക്കാനാണ് യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ (യുഎസ്എല്‍) സബ്സിഡിയറിയായ ആര്‍സിഎസ്പിഎല്ലിന്റെ നീക്കം; അതായത് 2026 മാര്‍ച്ച് 31നുള്ളില്‍. എം. ചിന്നസ്വാമി സ്റ്റേഡിയത്തിനു മത്സരങ്ങള്‍ നടത്താനുള്ള അനുമതി ലഭിച്ചില്ലെങ്കില്‍ അടുത്ത ഐപിഎല്ലില്‍ ഹോം ഗ്രൗണ്ട് ഉള്‍പ്പെടെ കണ്ടെത്തേണ്ട സാഹചര്യമാണ് ആര്‍സിബിക്കുള്ളത്. നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ആര്‍സിബി പുരുഷ ടീം 2025 ഐപിഎല്ലില്‍ കന്നിക്കിരീടത്തിലെത്തിയത്.

