കോട്ടയം: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ബജറ്റ് ടൂറിസം യാത്രകളുമായി കെഎസ്ആര്‍ടിസി ഒരുങ്ങി. ക്രിസ്മസ് അവധിക്കാലത്ത് കുളിരേകുന്ന തണുപ്പത്ത് കോടമഞ്ഞിലൂടെ നടക്കാനും, നൂല്‍മഴ ആസ്വദിച്ച് മൂടല്‍മഞ്ഞ് വകഞ്ഞുമാറ്റി തേയിലത്തോട്ടത്തിലൂടെ യാത്ര പോകാനുമുള്ള അവസരങ്ങളാണു കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്.
പൊന്മുടി, തെന്മല, കാപ്പുകാട്, ആഴിമല, കോവളം, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂര്‍, വട്ടവട, രാമക്കല്‍മേട്, വാഗമണ്‍ യാത്രകളാണ് ക്രമീകരിച്ചിരിക്കുന്നത്. സീ അഷ്ടമുടി, ഗവി, കപ്പല്‍ യാത്ര എന്നീ ട്രിപ്പുകള്‍ക്കു പുറമെ ശിവഗിരി തീര്‍ഥാടനം, പന്തളം ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, തിരു വൈരാണിക്കുളം, അയ്യപ്പദര്‍ശന പാക്കേജ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
ഡിസംബര്‍, ജനുവരി മാസത്തിലെ കാലാവസ്ഥ സൗന്ദര്യം അടുത്തറിയാന്‍ അവസരം ഒരുക്കുകയാണ് ബജറ്റ് ടൂറിസത്തിലുടെ ലക്ഷ്യമിടുന്നത്. ക്രിസ്മസ് അവധി ദിവസങ്ങളിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നതെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് വേലിക്കകം അറിയിച്ചു.
ബജറ്റ് ടൂറിസം പദ്ധതിയിലൂടെ ജില്ലയില്‍ നവംബറിലെ വരുമാനം 40 ലക്ഷം രൂപയാണ്. കൂത്താട്ടുകുളം ഡിപ്പോയില്‍നിന്നുള്ള ബജറ്റ് ടൂറിസം സര്‍വീസും ജില്ലയുടെ കണക്കിലാണുള്‍പ്പെടുത്തുന്നത്.
വിവിധ ഡിപ്പോകളിലെ ബുക്കിംഗ് നമ്പര്‍ എരുമേലി- 9562269963, 9447287735, പൊന്‍കുന്നം- 9497888032, 6238657110. ഈരാറ്റുപേട്ട- 9497700814, 9526726383. പാലാ- 9447572249, 9447433090. വൈക്കം – 9995987321, 9072324543. കോട്ടയം- 8089158178, 9447462823. ചങ്ങനാശേരി- 8086163011, 9846852601. കൂത്താട്ടുകുളം- 9497415696, 9497883291.
