ചെന്നൈ: ടിവികെയുടെ റാലിക്കിടെ കരൂരിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു.
ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്തു നിന്നാണ് വാഹനം പിടിച്ചെടുത്തത്. തുടർന്ന് പരിശോധനകൾക്കായി വാഹനം കരൂരിലെ സിബിഐ ക്യാമ്പ് ഓഫീസിലേക്ക് മാറ്റി.
കഴിഞ്ഞ സെപ്റ്റംബർ 27-നാണ് കരൂരിൽ ദുരന്തമുണ്ടായത്. സംഭവത്തിൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജി അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഈ മാസം 12-ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാൻ വിജയ്യ്ക്ക് നേരത്തെ തന്നെ നോട്ടിസ് അയച്ചിരുന്നു. ദുരന്തത്തിന് പിന്നിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ പരിശോധിക്കുന്നത്.
നേരത്തെ പാർട്ടി ഭാരവാഹികളിൽ നിന്ന് സിബിഐ വിവരങ്ങൾ ശേഖരിച്ചിരുന്നു. വിജയ്യെ ചോദ്യം ചെയ്യുന്നതിന്റെ മുന്നോടിയായാണ് വാഹനം പിടിച്ചെടുത്തത്.
