പരവൂർ: പ്ലാറ്റ്ഫോമുകളിലേക്കും ട്രാക്ക് ഏരിയകളിലേക്കും നിയമവിരുദ്ധമായി വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ കർശന നടപടിയുമായി റെയിൽവേ. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ നിരവധി ദുർബലമായ പ്രദേശങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിൽ ഇത്തരത്തിൽ തിരിച്ചറിഞ്ഞ പ്രദേശങ്ങൾ എല്ലാം അടിയന്തിരമായി അടച്ചുപൂട്ടാനാണ് റെയിൽവേ തീരുമാനം. ട്രാക്കിലും പ്ലാറ്റ്ഫോമുകളിലേക്കും പരിശോധനകളില്ലാതെ സുഗമമായി കയറാവുന്ന നൂറുകണക്കിന് സ്ഥലങ്ങൾ ഉണ്ട്. പലരും ഈ സ്ഥലങ്ങൾ പൊതുവഴി പോലെ ഉപയോഗിച്ചാണ് ഒരു നിയന്ത്രണവും ഇല്ലാതെ റെയിൽവേ സ്ഥലങ്ങളിൽ വാഹനങ്ങൾ പ്രവേശിപ്പിക്കുന്നത്. ഇത്തരം ദുർബലമായ ചില പ്രദേശങ്ങളിൽ പെട്ടെന്നുള്ള അടച്ചുപൂട്ടൽ സാധ്യവുമല്ല.
ഇത്തരം സ്ഥലങ്ങളിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ ശക്തമായ തടസങ്ങൾ ഡിവിഷനിലുടനീളം സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. റെയിൽവേയുടെ സുരക്ഷാമാനദണ്ഡങ്ങൾ എല്ലാ വാഹന യാത്രികരും കർശനമായി പാലിക്കണമെന്ന് റെയിൽവേ സംരക്ഷണസേന ആവർത്തിച്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ലംഘിക്കുന്നവർക്ക് എതിരേ കർശന നടപടി സ്വീകരിക്കാനാന്ന് ആർപിഎഫിന് ഡിവിഷണൽ റെയിൽവേ മാനേജർ അടക്കമുള്ള ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുള്ളത്.
2025 ഡിസംബർ 23 ന് രാത്രി അകത്തുമുറി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ സംഭവത്തെ തുടർന്നാണ് ട്രാക്കിലെ സുരക്ഷ ശക്തമാക്കാൻ നടപടികളുമായി റെയിൽവേ മുന്നോട്ട് പോകുന്നത്. മദ്യപിച്ച് ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷ അനധികൃതമായി പ്ലാറ്റ്ഫോമിലേക്ക് കയറി എന്ന് മാത്രമല്ല പിന്നീട് ട്രാക്കിലേക്ക് വീഴുകയും ചെയ്തു.
സംഭവത്തെ തുടർന്ന് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തേക്ക് വന്ദേ ഭാരത് എക്സ്പ്രസ് ഈ ഓട്ടോറിക്ഷയിൽ ഇടിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തി ഗുരുതരമായ വീഴ്ചയായാണ് ഇതിനെ റെയിൽവേ വിലയിരുത്തിയിട്ടുള്ളത്.
നിരോധിത മേഖലയിലേക്ക് വാഹനം ഓടിച്ച് കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് റെയിൽവേയുടെ കണ്ടെത്തൽ. മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്നതും റെയിൽവേ സ്വത്തിന് നാശനഷ്ടം വരുത്തുന്നതുമായ അപകടമായിരുന്നു ഇത്.
സംഭവത്തിൽ ആർപിഎഫ് ക്രിമിനൽ കേസാണ് രജിസ്റ്റർ ചെയ്തത്. അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
ട്രെയിൻ സർവിസുകളുടെ തടസപ്പെടുത്തൽ ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് വഴി തെളിക്കാവുന്ന കുറ്റകൃത്യങ്ങൾ പരമാവധി ഒഴിവാക്കാനാണ് വാഹനങ്ങളുടെ അനധികൃത പ്രവേശനം തടയാൻ സാധ്യമായതെല്ലാം ചെയ്യാൻ ആർപിഎഫിന് നിർദേശം നൽകിയിട്ടുള്ളത്.
ഇത്തരം അപകടം സംഭവങ്ങൾ നടക്കുമ്പോൾ റെയിൽവേക്ക് ഉണ്ടായ നഷ്ടം കൃത്യമായി തിട്ടപ്പെടുത്തി അതിന് ഉത്തരവാദികളായവരിൽ നിന്ന് മുഴുവൻ തുകയും കുറ്റവാളികളിൽ നിന്ന് ഈടാക്കുന്നതിനുള്ള നിയമ നടപടികൾക്കും പ്രത്യേക ശ്രദ്ധ വേണമെന്നും ആർപിഎഫിന് നിർദേശം നൽകിയിട്ടുണ്ട്.
