തലശേരി: തലശേരിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ചുകിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി രാജീബ് ദാസിനെയാണ് (33) എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കഞ്ചാവുമായി കുയ്യാലി റെയിൽവേ ഗേറ്റ് പരിസരത്തുവച്ച് അറസ്റ്റ് ചെയ്തത്.
എക്സൈസ് കമ്മീഷണർ സ്ക്വാഡംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ് എന്നിവർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഹരി വിൽപനക്കായി ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ചെറുപൊതികളാക്കി കഞ്ചാവ് കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി.
തലശേരി ഭാഗത്ത് കഞ്ചാവ് വ്യാപകമായി വില്പന ചെയ്യുന്ന ഇയാളെ കമ്മീഷണർ സ്ക്വാഡ് രഹസ്യ നിരീക്ഷണം നടത്തിയാണ് വളരെ വിദഗ്ധമായി പിടികൂടിയത്. ലഹരിക്കടത്ത് നിരീക്ഷിക്കുന്നതിനായി കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡ്, കേരള എക്സൈസ് സൈബർ വിംഗ് എന്നിവരുടെ സഹായവും ലഭിച്ചിരുന്നു.
ലഹരി മരുന്നുകൾ ഇതര സംസ്ഥാന തൊഴിലാളികൾ വഴി വ്യാപകമായി എത്തിച്ച് ഉപയോഗവും കച്ചവടവും വ്യാപകമായതിനാൽ കർശന പരിശോധനയാണ് എക്സൈസ് നടത്തിവരുന്നത്.
