പരവൂർ: വർധിച്ചു വരുന്ന ആവശ്യം പരിഗണിച്ച് സാധാരണ യാത്രക്കാരെ ലക്ഷ്യമിട്ട് കൂടുതൽ ജനറൽ നോൺ ഏസി കോച്ചുകൾ നിർമിക്കാൻ റെയിൽവേ മന്ത്രാലയ തീരുമാനംആധുനിക യാത്രാ സൗഹൃദ സൗകര്യങ്ങളുള്ള എൽഎച്ച്ബി ജനറൽ, നോൺ ഏസി കോച്ചുകളാണ് നിർമിക്കുന്നത്. ഈ സാമ്പത്തിക വർഷത്തെ (2025-26) കോച്ചുകളുടെ നിർമാണം അവസാന ഘട്ടത്തിൽ എത്താറായി.
ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 4838പുതിയ എൽഎച്ച്ബി കോച്ചുകളാണ് പുറത്തിറക്കുക. ഇതിൽ 2817 എണ്ണം ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും 2021 എണ്ണം സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളുമാണ്.2026-27 സാമ്പത്തിക വർഷത്തിൽ 4802 എൽഎച്ച്ബി കോച്ചുകൾ കൂടി നിർമിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
ഇതിൽ 2638 എണ്ണം ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും 2164 എണ്ണം സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളുമാണ്.റെയിൽവേ അടുത്തിടെ നടത്തിയ പഠനത്തിൽ ദീർഘദൂര ട്രെയിനുകളിൽ അടക്കം ജനറൽ ടിക്കറ്റ് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടായതായാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് സാമ്പത്തിക വർഷങ്ങളിലായി ജനറൽ കോച്ചുകളുടെ എണ്ണം സമയബന്ധിതമായി വർധിപ്പിക്കാൻ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.
നോൺ ഏസി യാത്രക്കാരുടെ പ്രാദേശിക കണക്ടിവിറ്റി വർധിപ്പിക്കാൻ കൂടുതൽ അമൃത് ഭാരത്, നമോ ഭാരത് ട്രെയിൻകൾ ഇക്കാലയളവിൽ പുറത്തിറക്കാനും റെയിൽ മന്ത്രാലയത്തിന് പദ്ധതിയുണ്ട്. പൂർണമായും ജനറൽ ക്ലാസ്, സ്ലീപ്പർ കോച്ചുകൾ മാത്രമുള്ളവയാണ് ഈ രണ്ട് ട്രെയിൻ സർവീസുകളും. മാത്രമല്ല അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ സാധാരണക്കാർക്ക് താങ്ങാനാകുന്ന നിരക്കിൽ ഉയർന്ന നിലവാരത്തിലുള്ള യാത്രയാണ് പ്രദാനം ചെയ്യുന്നത്.
2025 ൽ മാത്രം 13 അമൃത് ഭാരത് ട്രെയിനുകൾ കൂടി അവതരിപ്പിച്ചു. ഇതോ ആകെ സർവീസുകളുടെ എണ്ണം 30 ആയി ഉയർന്നു.ഇത് കൂടാതെ ഭുജ് -അഹമദാബാദ് റൂട്ടിലും ജയ്നഗർ – പറ്റ്ന റൂട്ടിലും രണ്ട് നമോ ഭാരത് റാപ്പിഡ് ട്രെയിനുകളും സർവീസ് നടത്തുന്നുണ്ട്.ദൈനംദിന യാത്രക്കാരിൽ കൂടുതലും ജനറൽ ടിക്കറ്റ് യാത്രക്കാർ ആയതിനാൽ ഇവർക്കായി എല്ലാ സോണുകൾ കേന്ദ്രീകരിച്ചും കൂടുതൽ ഡെക്കൻഡ് ക്ലാസ് ഹ്രസ്വദൂര പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കാനും മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ഇതിൽ മെമു ട്രെയിൻ സർവിസുകളും ഉണ്ടാകും. ഒപ്പം താരതമ്യേനെ ചെറിയ സ്റ്റേഷനുകളിൽ അടക്കം സെക്കൻഡ് ക്ലാസ് യാത്രക്കാർക്ക് പ്രത്യേക വിശ്രമ കേന്ദ്രങ്ങൾ അടക്കം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
