ന്യൂയോര്‍ക്ക്: അര്‍ജന്റൈന്‍ ആരാധകരെ ആശങ്കയിലാക്കി സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസിക്കു പരിക്കേറ്റതായി സ്ഥിരീകരണം.
അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടെ താരമായ ലയണല്‍ മെസി, ഫിലാഡല്‍ഫിയ യൂണിയന് എതിരായ മത്സരത്തിന്റെ 73-ാം മിനിറ്റില്‍ സബ്സ്റ്റിറ്റ്യൂഷന് ആവശ്യപ്പെട്ട് പുറത്തുപോയിരുന്നു. തുടയ്ക്കു പരിക്കേറ്റതിനെത്തുടര്‍ന്നാണ് മെസി കളം വിട്ടത്. ഗൗരവമുള്ള പരിക്കില്ലെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്.
എന്നാല്‍, ഇന്റര്‍ മയാമി ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ട പത്രക്കുറിപ്പില്‍ മെസിക്കു പരിക്കേറ്റതായുള്ള സൂചനയുണ്ട്. മാത്രമല്ല, പരിശീലനത്തിലേക്കു താരം എന്നു തിരിച്ചുവരുമെന്നത് ആരോഗ്യസ്ഥിതി അനുസരിച്ചു മാത്രമേ പറയാന്‍ സാധിക്കൂ എന്നും ഇന്റര്‍ മയാമി പ്രസ്താവിച്ചു. ഇതോടെ, 2022ല്‍ അര്‍ജന്റീനയെ ലോക ചാമ്പ്യന്മാരാക്കിയ ലയണല്‍ മെസിയുടെ അഭാവത്തിലാകുമോ 2026 ലോകകപ്പ് മാമാങ്കം എന്ന ആശങ്ക ഉയര്‍ന്നു.
“മസില് പിടുത്തം മൂലമുണ്ടായ പ്രശ്നമാണ് മെസിക്കുള്ളതെന്നാണ് തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്. പരിശീലനത്തിലേക്ക് എന്നു മടങ്ങിവരാമെന്നത് എത്രവേഗം സുഖംപ്രാപിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും’- ഇന്റര്‍ മയാമി പ്രസ്താവിച്ചു.
