പാരിസ്: ഫ്രാൻസിലെ അക്രമാസക്തമായ വിദ്യാർഥി പ്രതിഷേധത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. അക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും എന്നാൽ സമാധാനപരമായി സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ ന്യായമാണെന്നും രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ടെലിവിഷൻ ചാനൽവഴി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനപരമായ രീതിയിൽ മാന്യമായി തങ്ങളുടെ ആവശ്യങ്ങളും പരാതികളും ഉന്നയിക്കുന്ന പൊതുജനങ്ങളെയും, പൊതുമുതലുകൾ നശിപ്പിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്യുന്ന അക്രമികളെയും ഒരുപോലെ കാണാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അക്രമങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പൊതുമുതലുകൾ നശിപ്പിക്കുന്നതും കൊള്ളയടിയും തടയാൻ പ്രകടനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, അധ്യാപകരുടെ ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യം ഉന്നയിച്ചായിരുന്നു സമരം തുടങ്ങിയത്. ഇതിലേക്ക് കടന്നുകൂടിയ തീവ്ര ഇടതുപക്ഷ പ്രവർത്തകരും സ്ഥിരം കുറ്റവാളികളുമാണ് പൊതുമുതലുകൾ കത്തിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തതെന്ന് സർക്കാർ ആരോപിച്ചു.
തെരുവുയുദ്ധം, കൊള്ള, തീവയ്പ്
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും അക്രമാസക്ത ദിവസങ്ങളിലൊന്നായിരുന്നു ശനിയാഴ്ച. ദുഃസഹമായ ജീവിതച്ചെലവിനെതിരേ ജനം തെരുവിൽ നടത്തിയ പ്രതിഷേധം വലിയ അക്രമത്തിൽ കലാശിച്ചു. 1,800 പേരെയാണ് ഫ്രഞ്ച് പൊലിസ് അറസ്റ്റ് ചെയ്തത്. 500 പൊലിസുകാർക്കു പരിക്കേറ്റു.
വിദ്യാഭ്യാസ മേഖലയിലെ അപര്യാപ്തതകൾ പരിഹരിക്കാൻ ഫ്രാൻസിലെ ഹൈസ്കൂൾ കുട്ടികൾ നടത്തുന്ന സമരത്തിന്റെ തുടർച്ചയായിരുന്നു ജനകീയ പ്രതിഷേധം. ഇന്ധനവില വർധനയും സാമൂഹ്യ സേവനങ്ങൾ വെട്ടിച്ചുരുക്കുന്നതുമാണ് ജനത്തെ തെരുവിലിറക്കിയത്.
ഫ്രാൻസിലുടനീളം അഞ്ചര ലക്ഷം പേർ പ്രകടനങ്ങളിൽ പങ്കാളികളായി. പാരീസ്, മാഴ്സെ, ലിയോൺ, ലിമോഗസ് തുടങ്ങിയ പ്രധാന നഗരങ്ങളിൾ അക്രമങ്ങളുണ്ടായി. ശനിയാഴ്ച വൈകിട്ടോടെ പലയിടത്തും കലാപസമാന അന്തരീക്ഷമായി.
തെരുവുകളിൽ പൊലിസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പ്രതിഷേധക്കാർ ടൗൺ ഹാളുകൾ തീവച്ചു നശിപ്പിച്ചു, കടകൾ കൊള്ളയടിച്ചു, കെട്ടിടങ്ങൾ ഗ്രാഫിറ്റികൾ വരച്ച് വൃത്തികേടാക്കി. വാഹനങ്ങൾ വ്യാപകമായി തീവച്ചു നശിപ്പിച്ചു. പാരീസിലെ പ്രകടനത്തിനിടെ ഹൃദയം സ്തംഭിച്ച് ഒരു പ്രതിഷേധക്കാരൻ മരിച്ചു. പാരീസിൽ മാത്രം 855 പേർ അറസ്റ്റിലായി.
അതേസമയംതന്നെ നൂറുകണക്കിനു പ്രതിഷേധപ്രകടനങ്ങൾ സമാധാനപരമായും അരങ്ങേറുകയുണ്ടായി. ചെറിയൊരു വിഭാഗമാണ് അക്രമങ്ങൾക്കു മുതിർന്നതെന്ന് അനുമാനിക്കുന്നു. ആഡംബര ഷോപ്പുകളും സൂപ്പർ മാർക്കറ്റുകളും വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. പൊലിസ് വാഹനങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
തെക്കുപടിഞ്ഞാറൻ നഗരമായ ലിമോഗസിലുണ്ടായ തീവയ്പിൽ 143 വർഷം പഴക്കമുള്ള ടൗൺഹാൾ ഭാഗികമായി നശിച്ചു. മാഴ്സെയിലെ ടൗൺ ഹാളും, ലിയോണിലെ ടൂറിസം ഓഫിസും ആക്രമിക്കപ്പെട്ടു.
ഫ്രാൻസിൽ അക്രമത്തിനു സ്ഥാനമില്ലെന്നാണ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രതികരിച്ചത്. ബിസിനസ് സ്ഥാപനങ്ങൾ നശിപ്പിച്ചവരെയും കൊള്ളയടിച്ചവരെയും വിചാരണചെയ്തു ശിക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാശം നേരിട്ട ബിസിനസുകാരെ സഹായിക്കുമെന്ന് ധനമന്ത്രി റൊളണ്ട് ലെസ്ക്യൂർ അറിയിച്ചു. നാശം വരുത്തിയവരിൽനിന്ന് പണം ഈടാക്കി കേടുപാടുകൾ തീർക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഫ്രാൻസിലെ തെരുവുകൾ ഇന്നലെ ശാന്തമായിരുന്നു. യുദ്ധം കഴിഞ്ഞ തെരുവുകൾ വൃത്തിയാക്കുന്ന ജോലികൾ രാവിലെ ആരംഭിച്ചു.
