കൊല്ലം : ഹൈദ്രാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയും ദലിത് വിഭാഗക്കാരനുമായ രോഹിത് വെമൂല ജാതിയുടെ പേരില്‍ പീഢിപ്പിക്കപ്പെട്ട് ആത്മഹത്യ ചെയ്യാന്‍ ഇടവന്ന സാഹചര്യം ഇനിയുണ്ടാകാതിരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിശ്രമിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ .
കേരള ദലിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഒരാള്‍ പട്ടികജാതിക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമന്ത്രിമാരോ കേന്ദ്ര പോലീസോ അല്ല. ജാതിനിര്‍ണയത്തിന് കേരളത്തിലെ കിര്‍ത്താസ് മാതൃകയില്‍ ആന്ധ്രയിലും സര്‍ക്കാര്‍ സ്ഥാപനമുണ്ട്. ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരപ്പെട്ട താലൂക്ക് തഹസീല്‍ദാര്‍ രണ്ടുതവണ രോഹിത് വെമൂലയ്ക്ക് പട്ടികജാതിക്കാരനാണെന്ന് തെളിയിക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. അതിന്റെ പിന്‍ബലത്തിലാണ് പട്ടികജാതിക്കാര്‍ക്കുളള ആനുകൂല്യങ്ങള്‍ വാങ്ങി രോഹിത് വെമൂല പഠിച്ചത്.
രോഹിത് വെമൂലയുടെ അഞ്ചാം വയസില്‍ ഉപേക്ഷിച്ചുപോയ ഒ.ബി.സിക്കാരനായ പിതാവിനെ കാല്‍ നൂറ്റാണ്ടിന് ശേഷം ബിജെപിക്കാര്‍ ദത്തെടുത്ത് കൊണ്ടുവന്നിരിക്കുന്നത് രോഹിത് വെമൂലയുടെ സ്വത്വം നിഷേധിക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനും വേണ്ടിയാണ്.പിതൃത്വത്തെക്കാള്‍ മാതൃത്വം പരമായ സത്യമാണ്. ഇത് ഭാരതപാരമ്പര്യവും അംഗീകരിക്കപ്പെട്ടിട്ടുളളതാണ്. പരമ്പരാഗതമായ ഈ അനുഭവസത്യത്തെ നിരാകരിക്കുന്ന കേന്ദ്രമന്ത്രിമാരായ സുഷ്മ സ്വരാജിന്റെയും സ്മൃതി ഇറാനിയുടെയും നിലപാട് മാതൃത്വത്തെ അപഹസിക്കുന്നതാതാണെന്നും രാമഭദ്രന്‍ ആരോപിച്ചു. നേതാക്കളായ വി.എം. ലീല , ടി. പി. ഭാസ്കരന്‍, എം. ബിനാന്‍സ്, ബോബന്‍.ജി.നാഥ്, എ. രതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരള ദലിത് മഹിളാ ഫെഡറേഷന്‍ (കെഡിഎംഎഫ്) സംസ്ഥാന സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പി.കെ. രാധ (കൊല്ലം) പ്രസിഡന്റും പി.പി. കമല (കോഴിക്കോട്), വി.വി.ലീന (വയനാട്) എന്നിവര്‍ വൈസ് പ്രസിഡന്റുമാരും എസ്.പി. മഞ്ജു (കൊല്ലം) കെ.എം. ഉഷാകുമാരി (പാലക്കാട്), സരസ്വതി തോന്നയ്ക്കല്‍ (തിരുവനന്തപുരം), ഉഷാ പി. മാത്യു (കോട്ടയം) എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരും എം.പി. പത്മാവതി (മലപ്പുറം) ട്രഷററുമായി 31 അംഗ സംസ്ഥാന പ്രവര്‍ത്തകസമിതിയെയും യോഗം തെരഞ്ഞെടുത്തു.