തൃശൂർ: ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വനിതാ എസ്ഐയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്കു രണ്ടുവർഷം കഠിനതടവ്. ചേലക്കര പുലാക്കോട് സ്വദേശി വടക്കേക്കര വീട്ടിൽ രതീഷി(26)നെയാണ് പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്.
2012ലായിരുന്നു കേസിനാസ്പദമായ സംഭവം.വനിതാ എസ്ഐ ജോലി കഴിഞ്ഞ് വീട്ടിലേക്കു നടന്നുപോകുന്പോൾ പ്രതി പിന്നിൽനിന്നെത്തി കെട്ടിപ്പിടിക്കുകയും, താഴെ തള്ളിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
ഉറക്കെ നിലവിളിച്ചതിനെതുടർന്ന് ആളുകൾ ഓടിക്കൂടിയപ്പോൾ രതീഷ് ഓടിരക്ഷപ്പെട്ടു. ചേലക്കര സിഐ ഹംസയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പയസ് മാത്യു ഹാജരായി. 11 സാക്ഷികളെയും 15 രേഖകളും രണ്ട് തൊണ്ടിമുതലുകളും തെളിവായി സമർപ്പിച്ചിരുന്നു.