തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പ് ആവശ്യപ്പെട്ട നാലു സീറ്റുകളില്‍ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ച് ഇനി യു.ഡി.എഫ് യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് പാര്‍ട്ടി ചെയര്മാന് ജോണിനെല്ലൂര്‍. കൂടാതെ ഔഷധിയുടെ ചെയര്മാന് സ്ഥാനവും രാജിവയ്ക്കുകയാണെന്ന് ജോണിനെല്ലൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇത്തവണ നാലു സീറ്റുകളാണ് ജേക്കബ് ഗ്രൂപ്പ് ആവശ്യപ്പെട്ടത്. 2011-ല്‍ അവസാന നിമിഷമാണ് പാര്‍ട്ടി മത്സരിച്ചു കൊണ്ടിരുന്ന മൂവാറ്റുപുഴ ഏറ്റെടുത്ത ശേഷം ആവശ്യപ്പെടാത്ത അങ്കമാലി നല്‍കിയത്. അന്ന് അവിടെ പോയി മത്സരിക്കാന്‍ താന്‍ തയ്യാറായി. ഇപ്പോള്‍ അങ്കമാലി നല്‍കില്ലെന്നാണ് വാര്‍ത്തകള്‍. ഇതു അംഗീകരിക്കാന്‍ കഴിയില്ല. പാര്‍ട്ടി ന്യായമായ ആവശ്യമാണ് ഉന്നയിച്ചത്. ഇതുവരെ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇപ്പോഴത്തെ തീരുമാനമെന്ന് ജോണിനെല്ലൂര്‍ പറഞ്ഞു.