തളിപ്പറമ്പ്: അനധികൃത മദ്യവില്പന പിടികൂടാന്‍ എക്സൈസ് സംഘം വേഷം മാറിയെത്തി. തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതരസംസ്ഥാന തൊഴിലാളികളെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ വേഷം മാറിയെത്തി മദ്യവില്പന പിടികൂടിയത്.
പെരുമ്പടവ് ഭാഗത്ത് നടത്തിയ റെയ്ഡിലാണ് വിദേശമദ്യം വില്പന നടത്തുകയായിരുന്ന കോച്ചേരിക്കുന്നേല് ആന്റണിയെ(52) നാല് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം സഹിതം അറസ്റ്റ് ചെയ്തത്. മറ്റൊരു സംഭവത്തില്‍ മദ്യവില്പനയില് ഏര്‍പ്പെട്ട തട്ടാന്വീട്ടില് പ്രസാദ് എക്സൈസ് സംഘത്തെ കണ്ട ഉടനെ മദ്യം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
ഇയാള്‍ക്കെതിരെ കേസെടുത്തു. ഇരുവരുടേയും പേരില്‍ അബ്കാരി ആക്ട് 55 (ഐ) പ്രകാരമാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരത്തോടെ എക്സൈസ് സംഘം ആവശ്യക്കാരെന്ന വ്യാജേന സ്ഥലത്തെത്തിയത്. പെരുമ്പടവ് ഭാഗത്ത് വ്യാപകമായി മദ്യവില്പന നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
റെയ്ഡ് പാര്‍ട്ടിയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.ഗോവിന്ദന്, വി.വി.ഷിജു, ഡ്രൈവര്‍ കെ.വി.പുരുഷോത്തമന് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.