പിതാവിന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി നടന് ദിലീപ് ആലുവയിലെ വീട്ടിലെത്തി. ദിലീപിന്റെ അമ്മ, ഭാര്യ കാവ്യ മാധവന്, മകള്‍ മീനാക്ഷി തുടങ്ങി ബന്ധുക്കളെല്ലാവരും തന്നെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വീട്ടിലെത്തിയിരുന്നു. രാവിലെ ദിലീപിനെ ജയിലില്‍നിന്നു പുറത്തിറക്കുന്നതു കാണുന്നതിനായി വന്‍ ജനക്കൂട്ടമാണ് ജയിലിനു പുറത്ത് ഒത്തുകൂടിയിരുന്നത്. വീടിനു പുറത്തും വലിയ ജനക്കൂട്ടമുണ്ടായിരുന്നു. ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി അങ്കമാലി മജിസ്ട്രേറ്റി കോടതി രണ്ടു മണിക്കൂറത്തേക്കാണ് ദിലീപിന് ഇളവ് അനുവദിച്ചത്.
ആലുവ ഡിവൈഎസ്പിക്കാണ് ദിലീപിന്റെ സുരക്ഷ ചുമതല. മൂന്ന് സിഐമാരും സുരക്ഷാ സംഘത്തിലുണ്ട്. രാവിലെ എട്ടു മണി മുതല്‍ പത്തുവരെയാണ് ദിലീപിന് ഇളവ് അനുവദിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം, ചെലവു സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടു വച്ചിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയായ ദിലീപിന് അനുകൂലമായി ഫാന്‍സ് അസോസിയേഷന് അംഗങ്ങള്‍ പ്രകടനം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നു പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.