എന്നെ ഇറക്കാന്‍ വേണ്ടിയാണ് പോലീസ് കൈകാണിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ പരിഹാസമായിരുന്നു ഫലം! റോഡില്‍ അലഞ്ഞതിന്റെ ഫലമായി പിതാവിന് നെഞ്ചു വേദനയും; മിന്നല്‍ ബസില്‍ സംഭവിച്ചതിനെക്കുറിച്ച് പെണ്‍കുട്ടി പറയുന്നു

അര്‍ധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാര്‍ഥിനിയെ ഇറങ്ങേണ്ടിടത്ത് ഇറക്കാതെപോയ കെ.എസ്.ആര്‍.ടി.സി. മിന്നല്‍ബസ് ജീവനക്കാരുടെ പെരുമാറ്റത്തെപ്പറ്റി സംഭവം നടന്ന് രണ്ട് ദിവസങ്ങള്‍ക്കുശേഷം പെണ്‍കുട്ടി ഒരു മാധ്യമത്തോട് സംസാരിക്കുകയുണ്ടായി.

പയ്യോളിയില്‍ ബസ് നിര്‍ത്തില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞതോടെ അക്കാര്യം വിദ്യാര്‍ഥിനി പിതാവിനോട് വിളിച്ചുപറഞ്ഞിരുന്നു. തുടര്‍ന്ന് പിതാവ് പള്ളിക്കര കെ.സി. അബ്ദുള്‍അസീസ് പയ്യോളി പോലീസിന്റെ സഹായം തേടി. സ്റ്റേഷനുമുന്നില്‍ പോലീസുകാരനും ബാപ്പയും ബസിന് കൈകാണിക്കുന്നത് ദൂരേനിന്ന് കണ്ടപ്പോള്‍ പെണ്‍കുട്ടി ഡ്രൈവറുടെ അടുത്തുവന്നു പറഞ്ഞു, ‘എന്നെ ഇറക്കാന്‍ വേണ്ടിയാണ് പോലീസ് കൈകാണിക്കുന്നത്. അടുത്തുനില്‍ക്കുന്നത് ബാപ്പയാണ്’. ഡ്രൈവര്‍ ഉടന്‍ പറഞ്ഞത് കണ്ടക്ടറോട് പറയാനാണ്. കണ്ടക്ടറുടെ അടുത്തേക്ക് തിരിഞ്ഞപ്പോഴുള്ള പ്രതികരണം അസഹനീയമായിരുന്നു- ഇതൊക്കെ ഏത് കാട്ടില്‍നിന്നാണ് ഇറങ്ങിവരുന്നത്’. അപ്പോഴേക്കും ബസ് പയ്യോളി ടൗണ്‍ വിട്ടു.

ചില യാത്രക്കാരെ കൂട്ടുപിടിച്ച് കണ്ടക്ടര്‍ കളിയാക്കി സംസാരിച്ചെങ്കിലും യാത്രക്കാരില്‍ നല്ലവരുമുണ്ടായിരുന്നതായി വിദ്യാര്‍ഥിനി പറഞ്ഞു. അര്‍ധരാത്രിയായതിനാല്‍ കൂടുതല്‍ പേരും ഉറക്കത്തിലായിരുന്നു. കോഴിക്കോട് സ്റ്റാന്‍ഡ് വിട്ടപ്പോള്‍ പയ്യോളി നിര്‍ത്തില്ലെന്ന് പറഞ്ഞ കണ്ടക്ടര്‍ മാവൂര്‍റോഡില്‍ ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ ആരും പ്രതികരിച്ചില്ല. അപ്പോള്‍, സമയം രണ്ടുമണിയായിരുന്നു. ബസ് പയ്യോളിയില്‍ നിര്‍ത്താതെ പോയപ്പോള്‍ ബാപ്പ വിളിച്ചു. മൂരാട് പാലത്തിന് മുന്നില്‍നിന്ന് പോലീസ് കൈകാണിച്ചിട്ടും ബസ് നിര്‍ത്താത്തപ്പോള്‍ മാനസികമായി പിരിമുറുക്കത്തിലായെന്നും ചോമ്പാലില്‍ പോലീസ് ജീപ്പ് റോഡില്‍ കുറുകെയിട്ടത് കണ്ടപ്പോഴാണ് ആശ്വാസം കിട്ടിയതെന്നും വിദ്യാര്‍ഥിനി പറഞ്ഞു.

രാത്രി 12 മണിമുതല്‍ ചോമ്പാലില്‍നിന്ന് മകളെ വീട്ടില്‍ എത്തിക്കാന്‍ പുലര്‍ച്ചെവരെ റോഡില്‍ ബൈക്കുമായി അലഞ്ഞ അബ്ദുള്‍അസീസിന് ഞായറാഴ്ച രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അസീസ് പറഞ്ഞു. കോഴിക്കോട് സ്റ്റാന്‍ഡില്‍നിന്ന്, ഇത് മിന്നല്‍ബസാണെന്നും ഇനി കണ്ണൂരിലാണ് നിര്‍ത്തുകയുള്ളൂവെന്ന് അറിയിച്ചിരുന്നതായും കണ്ടക്ടര്‍ കോട്ടയം സ്വദേശി അജേഷ് പറഞ്ഞു.

പോലീസ് കൈകാണിച്ചാലും ബസ് നിര്‍ത്തേണ്ടതില്ലെന്ന് മുന്‍ എം.ഡി. രാജമാണിക്യത്തിന്റെ നിര്‍ദേശമുണ്ടെന്നും കണ്ടക്ടര്‍ പറഞ്ഞു. ഡ്രൈവര്‍ മൂവാറ്റുപുഴ സ്വദേശി നൗഷാദിനെ പ്രതികരണത്തിനായി പലതവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണെടുത്തില്ല. ഇതിനിടെ പോലീസ് കൈകാണിച്ചിട്ട് നിര്‍ത്താതെ പോയതിന് പയ്യോളി പോലീസ് പെറ്റി കേസെടുത്തിട്ടുണ്ട്. പയ്യോളി, ചോമ്പാല പോലീസ് വടകര ഡിവൈ.എസ്.പി.ക്കും കെ.എസ്.ആര്‍.ടി.സി. ഉന്നത ഉദ്യോഗസ്ഥര്‍ക്കും സംഭവത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ചോമ്പാല പോലീസ് ബസ് ജീവനക്കാരെ വിളിപ്പിച്ചിട്ടുമുണ്ട്.

 

 

Related posts