കൊച്ചി: വിജ്ഞാനവും വിനോദവും കോര്ത്തിണക്കി കുട്ടികള്ക്കായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ഒരുക്കിയ ഇന്റര്നെറ്റ് റേഡിയോയായ റേഡിയോ നെല്ലിക്കയ്ക്ക് ശ്രോതാക്കളായത് 15 ലക്ഷം പേര്. കുട്ടികളിലെ മാനസിക സംഘര്ഷങ്ങള്, ലഹരി ഉപയോഗം, സൈബര് ഇടങ്ങളിലെ ചതിക്കുഴികള്, ആത്മഹത്യ, സോഷ്യല് മീഡിയ അഡിക്ഷന് എന്നിവ വര്ധിച്ചുവരുന്ന സാഹചര്യത്തില് ആരംഭിച്ച റേഡിയോ നെല്ലിക്കയുടെ ഉദ്ഘാടനം കഴിഞ്ഞ ജൂണ് 15 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്വഹിച്ചത്.
ലോകത്താകമാനം 2,64,854 പേര് റേഡിയോ നെല്ലിക്ക ഡൗണ്ലോഡ് ചെയ്യുകയുണ്ടായി. ഇതില് ഇന്ത്യയില് നിന്ന് 2,63,294 പേരും സൗദിറേബ്യയില് നിന്ന് 584 പേരും യുഎഇയില് നിന്ന് 495 പേരും ഖത്തറില് നിന്ന് 130 പേരും ഉള്പ്പെടും. ശ്രോതാക്കളുടെ എണ്ണം 25 ലക്ഷത്തിലേക്ക് എത്തിക്കാനാണ് ബാലാവകാശ കമ്മീഷന് ലക്ഷ്യമിടുന്നത്. ബാലസൗഹൃദം യാഥാര്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം. കുട്ടികള് അധ്യാപകര്, രക്ഷാകര്ത്താക്കള്, സമൂഹം എന്നിവര്ക്കിടയില് ബാലനീതി, പോക്സോ നിയമങ്ങള്, സൗജന്യവും നിര്ബന്ധിതവുമായ വിദ്യാഭ്യാസ അവകാശം എന്നിവ സംബന്ധിച്ച അവബോധം വളര്ത്തുന്നതിനും റേഡിയോ നെല്ലിക്ക ലക്ഷ്യമിടുന്നു.
ലോകത്ത് എവിടെനിന്നും 24 മണിക്കൂറും പരിപാടികള് കേള്ക്കാനാകും. തിങ്കള് മുതല് വെള്ളിവരെ നാലു മണിക്കൂറാണ് പ്രോഗ്രാം. ശനിയും ഞായറും പ്രോഗ്രാം ആവര്ത്തിക്കും. പരിപാടികള്ക്കിടയില് പരസ്യങ്ങളുമില്ല. കുട്ടികളുടെ അവകാശ നിയമങ്ങളെക്കുറിച്ചുള്ള റൈറ്റ് ടേണ്, ഫോണ് ഇന് പരിപാടിയായ ഇമ്മിണി ബല്യ കാര്യം, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സംശയങ്ങള്, പരിഭവങ്ങള്, പ്രയാസങ്ങള്, സന്തോഷങ്ങള്, അനുഭവങ്ങള്, കഥകള് എന്നിവ കത്തുകളിലൂടെ പങ്കുവയ്ക്കുന്ന ആകാശദൂത്, റേഡിയോ ചാറ്റ് പ്രോഗ്രാമായ അങ്കിള് ബോസ് തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് ശ്രോതാക്കളുടെ മുന്നിലെത്തുന്നത്.
ആഡ്രോയിഡ് ഫോണില് പ്ലേ സ്റ്റോറില് നിന്നും ഐഒഎസില് ആപ് സ്റ്റോറില് നിന്നും രേഡിയോ നെല്ലിക്ക ഡൗണ്ലോഡ് ചെയ്യാം. കംപ്യൂട്ടറില് radionellikka.com ലൂടെയും കാറില് ഓക്സ് കേബിള്, ബ്ലൂടൂത്ത് എന്നിവയിലൂടെയും റേഡിയോ കേള്ക്കാം. ആകാശദൂത് പരിപാടിയിലേക്ക് [email protected] എന്ന ഇമെയിലിലേക്കും വാട്സ്ആപ്പായും അറിയിക്കാം. ഇമ്മിണി ബല്യ കാര്യം, അങ്കിള് ബോസ് എന്നീ പരിപാടികളിലേക്ക് +91 9993338602 എന്ന മൊബൈലിലും വിളിക്കാം.
സീമ മോഹന്ലാല്