മലപ്പുറം: എടവണ്ണയിൽ വൻ ആയുധശേഖരം പിടികൂടിയ സംഭവത്തില് കൂടുതല് അന്വേഷണത്തിന് പോലീസ്. നിലവില് ലൈസന്സില്ലാതെ കൂടുതല് ആയുധങ്ങള് കൈവശം വച്ചുവെന്ന കേസാണ് പ്രതി എടവണ്ണ സ്വദേശി ഉണ്ണിക്കമ്മദിനെതിരേ ചുമത്തിയിരിക്കുന്നത്. ഇയാള് റിമാന്ഡിലാണ്.
എയർ ഗണ്ണുകളും 200ലധികം വെടിയുണ്ടകളും മൂന്ന് റൈഫിളുകളും 40 പെല്ലറ്റ് ബോക്സും ഇയാളുടെ വീട്ടില് നിന്നു കണ്ടെത്തിയിരുന്നു. പല തരത്തിലുള്ള തോക്കുകളും മറ്റും കൈവശം വയ്ക്കുന്നതും വില്ക്കുന്നതും ഇയാളുടെ ഹോബിയാണെന്നാണ് പോലീസ് പറയുന്നത്. ഇയാളില് നിന്നും തോക്കുകള് ഉള്പ്പെടെ വാങ്ങാന് ദൂരസ്ഥലങ്ങളില് നിന്ന് ആളുകള് എത്തിയിരുന്നു. മൃഗവേട്ടയ്ക്കുവേണ്ടിയാണ് പലരും ഇയാളില് നിന്നു തോക്കുകള് വാങ്ങിയിരുന്നത്.
രണ്ട് തോക്കുകൾ കൈവശംവയ്ക്കാനുള്ള ലൈസൻസ് മാത്രമേ ഉണ്ണിക്കമ്മദിനുണ്ടായിരുന്നുള്ളൂ. എന്നാൽ അതിനേക്കാൾ കൂടുതൽ തോക്കുകളും തിരകളും ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല് ഇത് ബിസിനസാക്കി മാറ്റി വീട്ടില് എത്തുന്നവര്ക്ക് തോക്കുകള് വില്ക്കുകയായിരുന്നു ഉണ്ണിക്കമ്മദ്.
എടവണ്ണയിലെ ഇയാളുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്. വെടിയുണ്ടകളുമായി സഹോദരങ്ങളടക്കം നാല് പേരെ ഇന്നലെ പാലക്കാട് വെച്ച് അറസ്റ്റ് ചെയ്തിരുന്നു. കൽപ്പാത്തിയിൽ നിന്നായിരുന്നു വാഹനപരിശോധനയ്ക്കിടെ ഇവർ അറസ്റ്റിലായത്.
മൃഗവേട്ടയ്ക്കുവേണ്ടി വാങ്ങിയതാണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. എന്നാല് ആയുധങ്ങള് എവിടെ നിന്നാണ് വാങ്ങിയതെന്ന അന്വേഷണമാണ് മലപ്പുറം എടവണ്ണയിലേക്ക് എത്തിയത്. തുടര്ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ആയുധശേഖരം പിടികൂടിയത്.