കൊച്ചി: റാപ്പര് വേടന് എന്ന ഹിരണ്ദാസ് മുരളിക്കെതിരായ പീഡനക്കേസ് ഗൂഢാലോചനയാണെന്ന കുടുംബത്തിന്റെ പരാതിയില് പോലീസ് അന്വേഷണം ആരംഭിച്ചു. വേടന്റെ സഹോദരന് ഹരിദാസ് മുഖ്യമന്ത്രിക്ക് നല്കിയ പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്ക്ക് കൈമാറിയിരുന്നു. വേടനെതിരായ യുവ ഡോക്ടറുടെ പീഡന പരാതി തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
ഹൈക്കോടതി മുന്കൂര് ജാമ്യം നേടിയ വേടനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള നീക്കമാണെന്ന് കാണിച്ച് സഹോദരന് മുഖ്യമന്ത്രിക്ക് പരാതി നല്കിയത്. സംഭവത്തില് പരാതിക്കാരനായ ഹരിദാസിന്റെ അടക്കം മൊഴി പോലീസ് രേഖപ്പെടുത്തും.
കലാകാരന് എന്നനിലയില് വേടന്റെ വളര്ച്ച തടയുന്നതിന് കുറ്റവാളിയായി ചിത്രീകരിച്ച് ഇല്ലാതാക്കുന്നതിന് രാഷ്ട്രീയമായോ അല്ലാതെയോ വലിയ തോതില് ഗൂഢാലോചന നടക്കുന്നു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. കേസുകളിലുടെ വേടന്റെ വാക്കുകളെ നിശബ്ദമാക്കുകയാണ് ലക്ഷ്യമെന്നും കുടുംബം ആരോപിച്ചിരുന്നു.