പശ്ചിമകൊച്ചിയിലെ ഹോംസ്റ്റേയില്‍ യുവതിയെ കെട്ടിയിട്ട് കൂട്ടമാനഭംഗത്തിന് ഇരയാക്കി, കോന്നിയില്‍ വിദ്യാര്‍ഥിനികളായ മൂന്നു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു, പ്രണയം നടിച്ചു കോളജ് വിദ്യാര്‍ഥിനിയെ യുവാവ് പീഡിപ്പിച്ചു, മൊബൈല്‍ഫോണ്‍ സൗഹൃദത്തിലൂടെ പരിചയപ്പെട്ട യുവാവ് രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ മാനഭംഗപ്പെടുത്തി…
സ്ത്രീകള്‍ അപമാനിക്കപ്പെടുന്നതിന്റെയും പീഡിപ്പിക്കപ്പെടുന്നതിന്റെയും വാര്‍ത്തകള്‍ ഇല്ലാതെ ഒരു ദിവസവും പുലരുന്നില്ല. സ്ത്രീകളുടെ കണ്ണീര്‍ക്കഥകള്‍ കേള്‍ക്കാതെ ഒരു ദിവസവും ഇരുളുന്നുമില്ല. ഇത്രയൊക്കെ സംഭവങ്ങള്‍ ഉണ്ടായിട്ടുപോലും നമ്മുടെ പെണ്‍കുട്ടികള്‍ വീണ്ടും വീണ്ടും ചതിക്കുഴിയില്‍ വീഴുകയാണ്. ഒരു മിസ്ഡ് കോളിലൂടെയോ വാട്സ് അപ്പ് മെസേജിലൂടെയോ പരിചയപ്പെടുന്ന ഇക്കൂട്ടര്‍ നിമിഷനേരം കൊണ്ടുതന്നെ പിരിയാനാവാത്ത വിധം അടുക്കുന്നുവെന്നതാണു വാസ്തവം… ഇത്തരം ചതിയെ തിരിച്ചറിയാം…
കേരളവും ലജ്ജിക്കുന്നു
സ്ത്രീസാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ ദേശീയ മാതൃകയാക്കപ്പെടാവുന്ന കേരളത്തിലും സ്ത്രീപീഡനങ്ങളുടെ കാര്യത്തില്‍ ലജ്ജിക്കേണ്ട അവസ്ഥയാണുള്ളത്. കഴിഞ്ഞ ഒരു മാസത്തിനകം സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും നേരെ നടന്ന ലൈംഗികാതിക്രമങ്ങളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.
കാമുകനൊപ്പം ഒളിച്ചോടിയ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു, പീഡനശ്രമത്തിന് സ്കൂള്‍ വിദ്യാര്‍ഥി പിടിയില്‍, അശ്ലീല ദൃശ്യങ്ങള്‍ കാമുകന് പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു… വാര്‍ത്തകള്‍ അവസാനിക്കുന്നില്ല; നാണക്കേടും.
ലജ്ജിപ്പിക്കുന്ന കണക്കുകള്‍
സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ കേരളവും ഒട്ടും പിന്നിലല്ലെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളം സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങള്‍ കൂടുതലുള്ള സംസ്ഥാനമാണ്. അതില്‍ കൊച്ചിയിലാണ് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത്. സംസ്ഥാന പോലീസിന്റെ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കേരളത്തിലും സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2012 സെപ്റ്റംബര്‍ വരെ സംസ്ഥാനത്ത് സത്രീകള്‍ക്കു നേരേ നടന്ന കുറ്റകൃത്യങ്ങളുടെ എണ്ണം 9758 ആണ്. 715 ബലാത്സംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ 286 പേര് കുട്ടികളാണ്. 2009-ല്‍ 568-ഉം 2010-ല്‍ 634-ഉം ബലാത്സംഗക്കേസുകളാണ് ഇതേ കാലയളവില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2011-ല്‍ ആകെ 1132 ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
2012 സെപ്റ്റംബര്‍ വരെ സ്ത്രീകളെ അപമാനിച്ചതിന് 2978 കേസകുളും ലൈംഗികാതിക്രമത്തിന് 343 കേസുകളും രജിസ്റ്റര്‍ ചെയ്തു. 2012-സെപ്റ്റംബര്‍ 193 തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ 50 കേസുകളില്‍ ഇരകള്‍ സ്ത്രീകളാണ്. 47 കേസുകളില്‍ കുട്ടികളും.
2012-ല്‍ സ്ത്രീകള്‍ക്കെതിരേയുള്ളഎല്ലാതരത്തിലുമുളള പീഡനക്കേസില്‍ തിരുവനന്തപുരം റൂറലാണ് മുന്നില്‍. 855 കേസുകളാണ് ഇത്തരത്തില്‍ തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം റൂറലിലും കാസര്‍ഗോട്ടും 66 വീതം ബലാത്സംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഓണ്‍ലൈന്‍ അതിക്രമങ്ങളും കൂടുതല്‍
സ്ത്രീകള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങളും ഇവിടെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. മോര്‍ഫ് ചെയത്തും അല്ലാതെയും അശ്ലീല ഫോട്ടോകളും വീഡിയോകളും സൈറ്റുകളില്‍ അപ് ലോഡ് ചെയ്യുക, മോര്‍ഫ് ചെയ്ത ചിത്രങ്ങളെടുത്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുക, അശ്ലീല ഇ-മെയില്‍ സന്ദേശങ്ങള്‍ അയയ്ക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ടു സൈബര്‍, ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലുകള്‍ക്കു ലഭിക്കുന്ന പരാതികള്‍ അനുദിനം വര്‍ധിക്കുകയാണെന്ന് പോലീസ് അധികൃതര്‍ പറയുന്നു. 2011-ല്‍ സംസ്ഥാനത്ത് എല്ലാവിഭാഗങ്ങളിലുമായി 73,605 സൈബര്‍ കുറ്റകൃത്യങ്ങളാണു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.
2009-ല്‍ ഇത് 36,976 ഉം 2010-ല്‍ 69,970 ഉം ആയിരുന്നു. ഹൈടെക് എന്‍ക്വയറി സെല്ലില്‍ മാത്രമായി കഴിഞ്ഞവര്‍ഷം ലഭിച്ചത് 3698 പരാതികളാണ്. ലഭിക്കുന്ന പരാതികളില്‍ 60 ശതമാനവും സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണ്.
ഇത്രയൊക്കെ സംഭവങ്ങള്‍ പ്രതിദിനം നടക്കുന്നത് അറിയുന്നുണ്ടെങ്കിലും പെണ്‍കുട്ടികളും വിവാഹിതരായ യുവതികളും ഓണ്‍ലൈന്‍ കുരുക്കിലും മിസ്ഡ് കോള്‍ പ്രണയത്തിലുംപ്പെട്ട് ചതിക്കുഴിയില്‍ വീഴുന്ന കഥകള്‍ ഇന്നും സുലഭമാണ്.
പ്രതിവര്‍ഷം ആയിരത്തോളം കേസുകള്‍
ബാല ലൈംഗിക ചൂഷണം സംബന്ധിച്ചു പ്രതിവര്‍ഷം ആയിരത്തോളം കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. കേരളത്തിലെ കോടതികളില്‍ മാത്രം 5000ത്തോളം ബാല ലൈംഗികചൂഷണ കേസുകളുണ്ട്. തീര്‍പ്പാക്കാന്‍ ഏഴു വര്‍ഷം വരെ വേണ്ടിവരുന്നതു മൂലം പലപ്പോഴും കേസുകളുടെ എണ്ണം കൂടുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ നടക്കുന്ന പീഡനങ്ങള്‍ പുറത്തുവരുന്നുണ്ടെങ്കിലും അണ് എയ്ഡഡ്- ഇന്റര്‍നാഷണല്‍ സ്കൂളുകളില്‍ നടക്കുന്ന പീഡനങ്ങള്‍ പുറംലോകം അറിയുന്നില്ല. സ്കൂളിനു കളങ്കം വരുമോയെന്ന ഭയമാണ് പല സ്കൂളുകാര്ക്കുമുള്ളത്. തങ്ങള്‍ക്കു പീഡനം ഏല്‍ക്കേണ്ടി വന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് അത് തുറന്നു പറയാനുള്ള സംവിധാനം ഇവിടെയുണ്ടാകണമെന്ന് ലിഡ ജേക്കബ് പറയുന്നു.
കാരണങ്ങള്‍
പീഡനത്തിന് ഇരയാകുന്നവരില്‍ മിക്കവരും തൊഴില്‍, ഉദ്യോഗകയറ്റം, വിവാഹം എന്നീ വാഗ്ദാനങ്ങളില്‍പ്പെട്ട് വഞ്ചിതരാകുന്നവരാണ്. ബ്ലാക്ക്മെയില്‍ ചെയ്തും ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോയും പീഡനത്തിന് ഇരയാകേണ്ടി വരുന്ന കുഞ്ഞുങ്ങളുമുണ്ട്. ദാരിദ്ര്യവും ജീവിതക്ലേശങ്ങളും കുടുംബബന്ധങ്ങളിലെ ബലക്ഷയം, അണുകുടുംബത്തിലെ അസമാധാനം, കപട സദാചാരം എന്നിവ ബാലപീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി.
വഴിയൊരുക്കുന്നതു മാനസിക പ്രശ്നങ്ങള്‍
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള ലൈംഗിക അതിക്രമങ്ങളും ലൈംഗിക വാണിഭവും കേവലം മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് മാത്രമല്ല ഇടയാക്കുന്നത്. പീഡിത വ്യക്തികള്‍ക്ക് പ്രതികൂലമായ, ശാരീരികവും മാനസികവും മനശ്ശാസ്ത്രപരവും ധാര്‍മികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ഇത് ഗുരുതരവും ജീവിതാവസാനം വരെ നീണ്ടുനില്ക്കുന്നതും ജീവനു ഭീഷണി ഉയര്‍ത്തുന്നതുമാണ്. പീഡനത്തിന് ഇരകളാകുന്നവരില്‍ ഏകദേശം 60 മുതല്‍ 70 ശതമാനം പേര് ഒന്നിലധികം രോഗങ്ങള്‍ ബാധിച്ചവരാണ്. എച്ച്ഐവി, എയ്ഡ്സ് എന്നിങ്ങനെയുള്ള ലൈംഗിക രോഗങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടും. രക്ഷിക്കപ്പെടുന്ന പീഡിതകളാകട്ടെ മിക്കവാറും നിര്‍ധനരും ശാരീരികാസ്വാസ്ഥ്യം അനുഭവിക്കുന്നവരും മാനസികമായി തകര്ന്നവരുമായിരിക്കും. സാമൂഹ്യ നിലപാടുകള്‍, നിരാകരിക്കല്‍, ഒറ്റപ്പെടുത്തല്‍ എന്നിവ മൂലം പീഡിതര്‍ വീണ്ടും പഴയ ജീവിതത്തിലേക്ക് മടങ്ങി പോകാനുള്ള സാധ്യതയും ഏറെയാണ്.
കലഹ പ്രവണത, പെരുമാറ്റ വൈകല്യം, പഠനത്തില്‍ താല്പര്യമില്ലായ്മ, തലവേദന, ലൈംഗിക സാഹസികത, അമിതമായ ലൈംഗിക താല്പര്യം എന്നിവയും പീഡിത വ്യക്തികളില്‍ കണ്ടുവരുന്നു. 30 ശതമാനം പേരിലും ഭൂതകാലാനുഭവങ്ങള്‍ വളരെ കാലം നിലനില്ക്കും. പീഡനത്തിന് ഇരയാകുന്നവര്‍ മറ്റുള്ളവരെ ഇരകളാക്കുന്ന സാഹചര്യവും ഉണ്ടാകാം. ഈ പ്രവണത കൂടുതലായും ആണ്‍കുട്ടികളിലാണ് കാണപ്പെടുന്നത്. സ്ത്രീകളില്‍ നിന്നു പീഡനം ഏല്‍ക്കേണ്ടി വരുന്ന ആണ്‍കുട്ടികളാണ് ഇത്തരം അവസ്ഥകളില്‍ ചികിത്സ തേടി കൂടുതലായി എത്തുന്നതും.
ഞെട്ടിക്കുന്ന പീഡന കഥകള്‍
സ്കൂളുകളില്‍ നടക്കുന്ന കൗണ്‍സലിംഗിലൂടെ കുട്ടികള്‍ നേരിടുന്ന പീഡനകഥകള്‍ പുറത്തുവരുന്നുണ്ട്. പശ്ചിമകൊച്ചിയിലെ ഒരു സ്കൂള്‍ വിദ്യാര്‍ഥിനി ക്ലാസില്‍ അസ്വസ്ഥതകള്‍ കാണിക്കുകയുണ്ടായി. കൗണ്‍സലിംഗിനിടെയാണ് പലവട്ടം ചോദിച്ചെങ്കിലും കുട്ടി വഴിയില്‍ വെച്ച് തന്നെ ഒരാള്‍ പീഡിപ്പിച്ചുവെന്ന മറുപടി നല്‍കിയത്. കുട്ടിയുടെ മറുപടിയിലെ വൈരുധ്യംകൊണ്ട് കൗണ്‍സലറും അധ്യാപികയും വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ സ്വന്തം പിതാവു തന്നെയാണ് തന്നെ പീഡിപ്പിച്ചതെന്ന് കുട്ടി പറഞ്ഞത്. അയാള്‍ ഇപ്പോള്‍ ജയിലിലാണ്. വടക്കന്‍ ജില്ലയിലെ മറ്റൊരു ഗ്രാമത്തില്‍ നടന്ന സംഭവം ഇങ്ങനെ. കൂലിവേലക്കാരിയായ അമ്മയും മകളും ചെറിയ കുടിലിലാണ് താമസം. അമ്മ രാവിലെ പണിക്കുപോകുമ്പോള്‍ അയല്‍വാസിയായ ചെറുപ്പക്കാരന് കുട്ടിയോട് സഹൃദം നടിച്ചെത്തുമായിരുന്നു. ആ സൗഹൃദം അയാളെ അരുതാത്ത പ്രവൃത്തികളിലേക്ക് എത്തിച്ചു. ഒരു ദിവസം അയാളുടെ കൂട്ടുകാരുമായി കുട്ടിയെ ഉപദ്രവിക്കാനെത്തിയപ്പോള്‍ അയല്‍ക്കാര്‍ ഇടപ്പെട്ടു സംഘത്തെ പോലീസില്‍ ഏല്‍പ്പിക്കുകയുണ്ടായി.
പ്രണയമില്ല; വേണ്ടതു പണം
പെണ്‍കുട്ടികള്‍ക്ക് വില കൂടിയ മൊബൈല്‍ ഫോണുകള്‍ സമ്മാനമായി വാങ്ങി നല്കുന്ന മാതാപിതാക്കള്‍ പലപ്പോഴും കുട്ടികള്‍ ചെന്നു വീഴുന്ന ചതിക്കുഴികളെ കുറിച്ചു ചിന്തിക്കാറില്ല. അടുത്തിടെ എറണാകുളം സ്വദേശിനിയായ ഒരു പ്ലസ്ടുക്കാരിക്കുണ്ടായ അനുഭവം ഇതാ. മകളെ പ്ലസ് വണ്ണിന് ചേര്‍ത്തപ്പോള്‍ വീട്ടില്‍ നിന്നു കുറച്ച് അകലെയുള്ള സ്കൂളിലാണ് അഡ്മിഷന് തരപ്പെട്ടത്. പെണ്കുട്ടിയല്ലേ, തനിച്ചല്ലെ യാത്രയെന്നു കരുതി മാതാപിതാക്കള്‍ മൊബൈല്‍ ഫോണും കുട്ടിക്ക് നല്കി. ഒരു ദിവസം പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് ഒരു മിസ്ഡ് കോളെത്തി. 22-കാരനായ ഒരു തൃശൂര്ക്കാരന് പയ്യന്. പതുക്കെ പതുക്കെ അവരുടെ സൗഹൃദം പ്രണയമായി വളര്‍ന്നു. ഒരു വര്‍ഷത്തിനു ശേഷം ഒരു ദിവസം രാത്രി പയ്യന് പെണ്‍കുട്ടിയെ വിളിച്ചു പറഞ്ഞു- നമ്മുക്ക് ഒന്നിച്ചു ജീവിക്കാം.
വീട്ടുകാര്‍ തടസമായാല്‍ നീ എന്റെ കൂടെ പോരൂ- കാമുകന്റെ വാക്കുകള്‍ കേള്‍ക്കാത്ത താമസം പെണ്‍കുട്ടി അവനൊപ്പം പുറപ്പെട്ടു. കൈയിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ എല്ലാം വിറ്റിട്ടായിരുന്നു യാത്ര. ഇതിനിടെ മകളെ കാണാനില്ലെന്നു പറഞ്ഞു രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്കി. പോലീസ് അന്വേഷണത്തില്‍ മംഗലാപുരത്തു വച്ചു ഇരുവരും പിടിയിലായി. പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ 22കാരന്റെ കൈവശം 15 ഓളം സിം കാര്‍ഡുകള്‍. ഇത്രയധികം സിംകാര്‍ഡുകള്‍ എന്തിനെന്ന പോലീസുകാരുടെ ചോദ്യത്തിനു മുന്നില്‍ അവന് ഉത്തരം പറഞ്ഞു- “എനിക്ക് കുറച്ചു പണം വേണമായിരുന്നു. ഒരു പെണ്‍കുട്ടിയെ ഗോവയില്‍ എത്തിച്ചാല്‍ മാത്രം മതി. ആ പണം എനിക്കു കിട്ടും. അല്ലാതെ ഇവളോട് എനിക്ക് പ്രേമമൊന്നും ഇല്ല’. കേസിനൊന്നും പോകാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഒരുങ്ങിയില്ല. സമനില തെറ്റിയ പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.
നോ ഗോ ടെല്‍
തന്റെ ശരീരത്തില്‍ ആരെങ്കിലും അനാവശ്യമായി സ്പര്‍ശിച്ചാല്‍ അവരോട് നോ പറയാനുള്ള ധൈര്യം നമ്മുടെ കുട്ടികള്‍ക്കു ഉണ്ടാകണം. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ഓടി മാറി ഇക്കാര്യം വേണ്ടപ്പെട്ടവരോടു പറയാന്‍ കുട്ടികള്‍ തയാറാകണം. തന്റെ വ്യക്തിത്വത്തിന് പുഴുക്കുത്ത് ഏല്ക്കുന്ന എന്തു പ്രവൃത്തി ഉണ്ടായാലും അതിനെതിരേ പ്രതികരിക്കാന്‍ കുട്ടികള്‍ തയാറാകണം.
മാതാപിതാക്കളും കാരണക്കാര്‍
കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുമ്പോള്‍ അവരുടെ കൂട്ടുകെട്ടുകളെക്കുറിച്ചും സ്കൂളില്‍ തന്നെയാണോ പോകുന്നത് എന്നതിനെക്കുറിച്ചൊന്നും മാതാപിതാക്കള്‍ അന്വേഷിക്കാറില്ല. യാന്ത്രികമായ ജീവിതത്തിരക്കിനിടയില്‍ മക്കള്‍ പറയുന്നതെല്ലാം വാങ്ങി നല്കുന്ന മാതാപിതാക്കള്‍ തന്നെയല്ലേ ഇതിനുള്ള ഉത്തരവാദികള്‍.
ആലപ്പുഴ സ്വദേശിയായ എം.പി നായര്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്കൂള്‍ കുട്ടികളില്‍ നടത്തിയ സര്‍വേയില്‍ 40 ശതമാനം ആണ്‍കുട്ടികളും 36 ശതമാനം പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞു. മൊബൈല്‍ ചിത്രങ്ങള്‍ കാണിച്ചും മറ്റും കുഞ്ഞുങ്ങളെ ഇതിലേക്ക് ആകര്ഷിക്കുന്നവരുണ്ട്. കുട്ടികളുമായി ആശയ വിനിമയം നടത്താന്‍ മാതാപിതാക്കള്‍ക്ക് സമയമില്ലാത്തതു പലപ്പോഴും ലൈംഗിക ചൂഷണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മാതാപിതാക്കളുടെ കലഹം, മദ്യപാനം എന്നിവയും മറ്റു കാരണങ്ങളാണ്. 70 ശതമാനം പീഡനങ്ങളിലും പരിചിതരായ വ്യക്തികളായിരിക്കും കാരണക്കാര്‍. ബന്ധുക്കള്‍, അയല്‍ക്കാര്‍, അമ്മാവന്മാര് തുടങ്ങി സ്വന്തം പിതാവു വരെ പീഡകരുടെ പട്ടികയില്‍ ഉള്‍പ്പെടാറുണ്ട്. പറവൂര്‍ പീഡനക്കേസിലും കോതമംഗലം പീഡനത്തിലുമെല്ലാം സ്വന്തം അച്ഛന് തന്നെയാണ് മകളെ പെണ്‍വാണിഭത്തിലേക്ക് ഇറക്കിവിട്ടത്. സ്നേഹം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിച്ച് ആ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും പ്രചരിപ്പിക്കുന്ന സംഘങ്ങളും ഇവിടെയുണ്ട്.
പീഡനത്തിന് ഇരകളാകുന്ന 50 ശതമാനം കുട്ടികള്‍ക്കും മാനസിക-ലൈംഗിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് യൂണിസെഫ് ചീഫ് ഡോ. സതീഷ് കുമാര്‍ പറയുന്നത്.
വേണം ലൈംഗിക വിദ്യാഭ്യാസം
ഇത്തരം സാഹചര്യങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് ലൈംഗിക വിദ്യാഭ്യാസത്തിലേക്കാണ്. കുട്ടികള്‍ക്ക് അവരുടെ ശരീരത്തെക്കുറിച്ചും മറ്റുമുള്ള അവബോധം കുട്ടിക്കാലം മുതല്‍ ഉണ്ടാക്കിക്കൊടുക്കണം. അതോടൊപ്പം തന്നെ ജുവനൈല്‍ പോലീസിന്റെ ആവശ്യകതയും വേണ്ടിയിരിക്കുന്നു.
ബാലപീഡനങ്ങള്‍ ഇല്ലാതാക്കാം
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന്, മൂന്നു പ്രധാന മേഖലകളിലെ ഇടപെടലുകള്‍ അത്യാവശ്യമാണ്.
പ്രതിരോധം
ശരീരത്തില്‍ ശരിയായ സ്പര്‍ശം, തെറ്റായ സ്പര്‍ശം എന്നിവയെക്കുറിച്ച് അറിയാത്ത കുട്ടികള്‍ ഏറെയുണ്ട്. തെറ്റുകളോട് അരുത് എന്നു ഉറപ്പിച്ചു പറയാനുള്ള ധൈര്യം, പ്രലോഭനങ്ങളെ നേരിടല്‍, എന്റെ ശരീരത്തില്‍ എനിക്ക് മാത്രം അവകാശമുള്ളൂവെന്ന് കുട്ടികളെ ചെറുപ്പം മുതല്‍ ശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. പ്രായത്തിന് അനുയോജ്യമായതും കുട്ടികളുടെ അവകാശങ്ങളില്‍ ഊന്നിയതും ലിംഗാവബോധം ഉള്ളതുമായ ജീവിതനൈപുണ്യ വിദ്യാഭ്യാസം സംസ്ഥാന സ്കൂള്‍ പാഠ്യക്രമത്തില്‍ സംയോജിപ്പിക്കേണ്ടിയിരിക്കുന്നു.
സംരക്ഷണം
ശക്തമായ തിരുത്തല്‍ നടപടികള്‍ക്കും പരിഹാര നടപടികള്‍ക്കും തുടക്കം കുറിച്ചു കൊണ്ട് പീഡിതകള്ക്ക് തങ്ങളുടെ ശാരീരികവും മാനസികവുമായ മുറിവുകളില്‍ നിന്ന് ആശ്വാസം തേടി സ്വന്തം സമൂഹത്തില്‍ പുനപ്രവേശനത്തിന് ആവശ്യമായ സംരക്ഷണം നല്‍കണം.
വിചാരണ
ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി നിയമത്തിന്റെ ശക്തമായ ഇടപെടലും നിയമം നടപ്പാക്കലും ആവശ്യമാണ്. കുറ്റം ചെയ്യുന്നവര്‍ക്കെതിരേ അതിവേഗ കോടതികള്‍ വഴി ഉടന്‍ തന്നെ ശിക്ഷ വിധിക്കണം. വിചാരണയ്ക്കും പുനരധിവാസത്തിനുമിടെ ഇരകളുടെ വ്യക്തിത്വവും സ്വകാര്യതയും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തണം. പീഡനത്തിന് ഇരയാകുന്നവരെ വച്ച് ആഘോഷിക്കുന്ന മാധ്യമ സംസ്കാരത്തിനും അറുതി വരണം.
പുനരധിവാസവും പുനരേകീകരണവും
പീഡിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള മാര്‍ഗങ്ങള്‍ തുറന്നുകൊടുക്കണം. അവരുടെ സംരക്ഷണത്തിനായി ട്രാന്‍സിറ്റ് ഹോമുകള്‍(താല്‍ക്കാലിക ഭവനങ്ങള്‍) സ്ഥാപിച്ചു സംരക്ഷണം നല്‍കാം.
ബാലപീഡനത്തിനുള്ള ശിക്ഷ
പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് 2012 പ്രകാരം, പതിനെട്ടു വയസിനു താഴെയുള്ള ആണിനെയോ പെണ്ണിനെയോ കമന്റടിച്ചാല്‍ മൂന്നു കൊല്ലമെങ്കിലും ജയിലില്‍ കിടക്കേണ്ടി വരും. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കു ജീവപര്യന്തമാണ് ശിക്ഷ. മൂന്നു വകുപ്പുകളിലായാണ് കേന്ദ്രനിയമപ്രകാരം കേസെടുത്തു പ്രതികളെ ജയിലിലടയ്ക്കുന്നത്. ലൈംഗികപീഡനം (പെനി ട്രേറ്റീവ് സെക്ഷ്വല്‍ അസോള്‍ട്ട്) സ്പര്‍ശനത്താ ലുള്ള ലൈംഗികപീഡനം (സെക്ഷ്വല്‍ അസോള്‍ട്ട്) വാക്കാലോ ആംഗ്യത്താലോ പ്രദര്ശനത്താലോ ഉള്ള പീഡനം (സെക്ഷ്വല്‍ ഹരാസ്മെന്റ്) എന്നിവ.
കുട്ടികള്‍ക്കു നേരെയുളള ലൈംഗികാതിക്രമം പൂര്‍ണമായും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടു കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം പാസാക്കിയ നിയമത്തിന്റെ ഭാഗമായാണ് കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ ഇതു നടപ്പാക്കുന്നത്. ഈ നിയമത്തിനു കീഴില്‍ ഇതിനകം പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുരുവായൂര്‍, പന്തളം, കൊല്ലം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലാണ് ഈ നിയമത്തിനു കീഴില്‍ ആദ്യമായി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സാന്ത്വനമേകി നിര്‍ഭയ
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ചുള്ള പദ്ധതിയാണ് നിര്‍ഭയ. പദ്ധതി നിര്‍വഹണത്തിനായി ഒരു കോര്‍പ്പസ് ഫണ്ട് ഉണ്ട്.
സ്ത്രീകളുടെ പരിരക്ഷ നിയമം ഉറപ്പുവരുത്തുന്നുണ്ട്. ഇനി പ്രതികരിക്കുന്നതിനുള്ള കരുത്തു സ്ത്രീകള്‍ നേടിയെടുക്കുകയാണു വേണ്ടത്. നിര്‍ഭയയുടെ ടോള്‍ഫ്രീ നമ്പര്‍- 18004251400
സീമ