സ്ഫടികം ജോര്‍ജിന്റെ മുമ്പിലൂടെ മുണ്ടും പറിച്ച് ഇറങ്ങിപ്പോകുന്ന പെണ്‍കുട്ടി ! പുതിയ സിനിമയുടെ ടീസര്‍ തരംഗമാവുന്നു…

ആണായിപ്പിറന്നവരെല്ലാം ആടുതോമയുടെ ആരാധകരായിരിക്കും. സ്ഫടികം ജോര്‍ജിനു മുന്നിലൂടെ മുണ്ടും മടക്കിക്കുത്തി റെയ്ബാന്‍ ഗ്ലാസുംവച്ച് പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങുന്ന ആടുതോമയുടെ രംഗം ഓര്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചം അടിക്കുമെന്ന് ഉറപ്പ്. അതേരംഗം ഒരു പെണ്‍കുട്ടി അനുകരിച്ചാല്‍ എങ്ങനെയുണ്ടാകും. നവാഗതനായ എ.ആര്‍. അമല്‍കണ്ണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നീര്‍മാതളം പൂത്തകാലം’ എന്ന സിനിമയുടെ ടീസര്‍ ആകര്‍ഷമാകുന്നത് ആടുതോമയായുള്ള നായികയുടെ വേഷപ്പകര്‍ച്ചയിലൂടെയാണ്.

സ്ഫടികം സിനിമയിലേതു പോലെ തന്നെ പൊലീസുകാരനായ സ്ഫടികം ജോര്‍ജിനു മുന്നിലൂടെ മുണ്ടും പറിച്ച് ഇറങ്ങിപ്പോകുന്ന നായിക. പ്രീതി ജിനോ എന്ന പുതുമുഖമാണ് ഈ രംഗത്തില്‍ തിളങ്ങുന്നത്.
ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ പല കാലഘട്ടത്തിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്. ഒരുപാടു പേരെ പ്രണയിക്കുന്ന നായകന്റെ കഥാഗതികള്‍ മലയാള സിനിമയില്‍ ഏറെ പരിചിതമാണ്. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി ഒരു പെണ്‍കുട്ടിയുടെ വിവിധ പ്രണയങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു.

പ്രീതി ജിനോ, ഡോണ, അരുണ്‍ ചന്ദ്രന്‍, അരിജ്, വിഷ്ണുനാഥ്, ജെ.ആര്‍. വര്‍മ്മ, കല്‍ഫാന്‍, വിശ്വമോഹന്‍, സ്ഫടികം ജോര്‍ജ്, അനില്‍ നെടുമങ്ങാട്, ഫ്രാങ്കോ, അഞ്ജു, അര്‍ജുന്‍, അക്ഷയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഏകദേശം എഴുപതോളം പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് മേനോന്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ട്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ ഒരു കൂട്ടം വിദ്യാര്‍ഥികളാണ് ചിത്രത്തിനു പിന്നില്‍. പെണ്‍-പ്രേമത്തിന്റെ വേറിട്ട തുറന്നുപറച്ചിലാണ് അമല്‍ സിനിമയിലൂടെ വരച്ചിടുന്നത്. പുതുമുഖങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നതും. ചിത്രത്തിലെ ഗാനങ്ങള്‍ മുന്‍പ് തന്നെ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. അനസ് നസീര്‍ഖാനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഒരു കൂട്ടം ചെറുപ്പക്കാരുടെ സിനിമാ സ്വപ്നത്തിന്റെ തുറന്നു പറച്ചില്‍ കൂടിയാണ് ഈ സിനിമ. ഒബ്സ്‌ക്യൂറ മാജിക് മൂവീസിന്റെ ബാനറില്‍ സെബാസ്റ്റ്യന്‍ സ്റ്റീഫനും സ്റ്റെഫാനി സെബാസ്റ്റ്യനും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. കേവലം 22 വയസുമാത്രമുള്ള ഈ ചെറുപ്പക്കാരന്റെ സിനിമാ എന്ന ആവേശസ്വപ്നം ദിവസങ്ങള്‍ക്കുള്ളില്‍ തിയറ്ററിലെത്തും. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ളവര്‍ പുതുമുഖങ്ങളും യുവാക്കളുമായതിനാല്‍, ചെറുപ്പത്തിന്റെ ആഘോഷമായിരിക്കും ചിത്രം.

Related posts