ഇനി മേലില്‍ ന്യൂജെന്‍ പിള്ളേരെ കുറ്റം പറഞ്ഞേക്കരുത് ! സ്വര്‍ണം വേണ്ട,വില കൂടിയ സില്‍ക്ക് സാരി വേണ്ട,’ബ്രൂട്ടീഷന്‍’ വേണ്ട; ഒരു ന്യൂജെന്‍ കല്യാണത്തിന്റെ വിശേഷങ്ങള്‍ അറിയാം…

മക്കളുടെ വിവാഹം ഏതു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. വിവാഹ ദിവസത്തെക്കുറിച്ച് വലിയ സ്വപ്‌നവുമായി നടക്കുന്ന ചെറുപ്പക്കാരുമുണ്ട്. അതിനാല്‍ തന്നെ വിവാഹം ആഡംബരപൂര്‍ണമാക്കാന്‍ മാതാപിതാക്കളും മക്കളും ഒരുപോലെ ശ്രമിക്കാറുമുണ്ട്. അതിനാല്‍ തന്നെ പല വിവാഹങ്ങളും പണക്കൊഴുപ്പിന്റെ മേളമായി മാറുന്നു.

ഈ സാഹചര്യത്തിലാണ് ഒരു ന്യൂജന്‍ വിവാഹം ശ്രദ്ധേയമാകുന്നത്. ന്യൂജെന്‍ യുവതയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ കഴുകിക്കളയുന്ന ഒരു വിവാഹത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സാഹിത്യകാരി കെ പി സുധീര. സുഹൃത്തിന്റെ മകളുടെ അറേഞ്ച്ഡ് ന്യൂജെന്‍ കല്ല്യാണത്തെ കുറിച്ച കെ പി സുധീര പങ്കുവെച്ച കുറിപ്പ് ഇങ്ങനെ…

അമ്പരപ്പിച്ച ഒരു ന്യൂജെന്‍ കല്യാണം

ഏറ്റവുമടുത്ത സുഹൃത്ത് ഡോ. വേണു ഗോപാലിന്റെ ക്ഷണക്കത്ത് ഒരു മാസം മുമ്പേ വാട്‌സ് അപ്പിലേക്ക് വന്നു.save date..
Neethu and kamaldev are getting married..
വിവാഹം കോഴിക്കോട് വെച്ചാണെന്ന് അതില്‍ പറയുന്നുണ്ട്. എന്നാല്‍ കല്യാണത്തിന് ക്ഷണമില്ല ! ജനു.12 ന് കോഴിക്കോട് മിയാമി കണ്‍വെന്‍ഷന്‍ സെന്ററില്‍ reception..ടെലഫോണിലൂടെ ക്ഷണം വന്നപ്പോള്‍ വേണു പറഞ്ഞു:കല്യാണം ലളിതമായി കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ വെച്ച് രണ്ട് വീട്ടുകാര്‍ മാത്രം പങ്കെടുക്കും – ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് താലികെട്ട് ഒന്ന് കാണാന്‍ മോഹം. അല്ലെങ്കില്‍ റെജിസ്റ്റര്‍ മതിയായിരുന്നു.

Inter cast marriage അല്ല .എല്ലാവര്‍ക്കും സമ്മതം – കുട്ടികള്‍ രണ്ടും ഡോക്ടര്‍മാര്‍ .എതിര്‍ക്കാന്‍ ഒരു കാരണവും ഇല്ല. പിന്നെന്താവാം! വേണുവിനോട് ചോദിക്കാന്‍ തോന്നിയില്ല. ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഡോ.വേണുവിനും മലബാര്‍ ഹോസ്പിറ്റലിലെ സോണോളജിസ്റ്റ് സുപ്രിയക്കും ഏകമകളാണ്. നീതു.കുട്ടിയായിരിക്കുമ്പഴേ കാണുന്നതാണ്.
അവളെ വധുവിന്റെ വേഷത്തില്‍ കാണാനുള്ള മോഹം കൊണ്ട് തൃശൂരിലെ പരിപാടി കഴിഞ്ഞ് ഓടിപ്പാഞ്ഞ് കോഴിക്കോട്ടെത്തിയതാണ് ഞാന്‍. എട്ടു മണിയോടെ ഭര്‍തൃസമേതം ഹാളിലെത്തി. പ്രവേശന കവാടത്തില്‍ ഡോ. വേണു ഞങ്ങളെയെല്ലാം സുസ്‌മേരവദനനായി എതിരേറ്റു. ആയിരക്കണക്കിന് അതിഥികള്‍ – വര്‍ണശബളമായ വസ്ത്രങ്ങള്‍.വധൂ വരന്മാരെ കാണാന്‍ ധൃതി പിടിച്ച് ഞങ്ങള്‍ സ്റ്റേജില്‍ കയറി .
നീതു മോള്‍ വീണ്ടും എന്നെ അമ്പരപ്പിച്ചു.

ഇത്രയിത്ര പവന്‍ സ്വര്‍ണം തന്നില്ലെങ്കില്‍ പന്തലില്‍ ഇറങ്ങില്ല എന്ന് മകള്‍ പറഞ്ഞത് കേട്ട് നെഞ്ചുരുകി കിടപ്പാടം വില്‍ക്കുന്ന മാതാപിതാക്കളുള്ള നാട്ടില്‍ നീതു എനിക്ക് വിസ്മയമായി. ബ്ലാക് മെറ്റലിന്റെ ഒരു നീളന്‍ മാലയിലും കനമില്ലാത്ത ബ്ലാക് ആന്റ് വൈറ്റ് ‘ ലിനന്‍ സാരിയിലും ബ്യൂട്ടിഷ്യന്‍ സ്പര്‍ശിക്കാത്ത മുഖത്തിലും അതീവ സുന്ദരിയായി എന്റെ നീത്തുമോള്‍!
ഡോ.കമല്‍ ദേവിനും ഡോ. നീത്തുവിനും ലളിതമായി മതി എല്ലാം എന്ന് നിര്‍ബ്ബന്ധമായിരുന്നത്രെ!വിവാഹവിരുന്ന് ഗംഭീരമായിരുന്നു. ഡോ.മാരും മറ്റു സുഹൃത്തുക്കളും ചേര്‍ന്ന് വധൂവരന്മാരെ ആശിര്‍വദിച്ചു.

കേട്ടിട്ട് അകം കുളിരുന്നു. ന്യൂ ജെന്‍, ലവ് മാരേജില്‍ വിപ്ലവം സൃഷ്ടിക്കുന്നു. വീട്ടുകാര്‍ നടത്തിക്കൊടുക്കുന്ന കല്യാണത്തില്‍ ഒറ്റതരി സ്വര്‍ണം വേണ്ടാ, സില്‍ക്ക് സാരി വേണ്ട ബ്യൂട്ടി പാര്‍ലര്‍ വേണ്ട, വിവാഹ ധൂര്‍ത്ത് വേണ്ട! എന്തൊരു ചങ്കൂറ്റം ! എന്തൊരു വിപ്ലവം ! മാതാപിതാക്കള്‍ കഴിവുള്ളത് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതിരിക്കില്ല – സദ്യയും വിരുന്നും കൊടുക്കാം ,കൊടുക്കാതിരിക്കാം.
എന്നാലും മക്കളുടെ താല്‍പര്യത്തെ എതിര്‍ക്കാതെ കൂട്ടു നിന്ന ഡോ.വേണുവിനും ഡോ.സുപ്രിയയക്കും ബിഗ് സല്യൂട്ട്.
ആര്‍ഭാടങ്ങള്‍ക്ക് വകയുണ്ടായിട്ടും അതിനോട് പിന്‍തിരിഞ്ഞു നിന്ന ആദര്‍ശവാന്മാരായ നവ ദമ്പതികള്‍ക്ക് ആയിരം ആശംസകള്‍ .
പരിവര്‍ത്തനത്തിന്റെ ഭൂകമ്പമാവാന്‍ ഇനിയും ന്യൂ ജെന്‍ തയ്യാറാവട്ടെ.
മംഗളം ഭവതു.
സ്‌നേഹത്തോടെ,
കെ.പി. സുധീര

വാല്‍ക്കഷണം – ഞങ്ങളുടെ തറവാട്ടില്‍ എന്റെ ബാല്യകാലത്ത് 1967 ല്‍ ഒരു വിവാഹം നടന്നു. അച്ഛന്റെ അനുജന്‍ ഡോ.കെ.സി. വിജയരാഘവന്റെ . സര്‍വാഭരണവിഭൂഷയായി വരുന്ന ഇളയമ്മയെ കാത്തു നിന്ന ഞങ്ങള്‍ കുട്ടികള്‍ വല്ലാതെ നിരാശപ്പെട്ടു. വധുവായ ഡോ. എന്‍. ആര്‍ ജോളിക്ക് കാതിലും കഴുത്തിലും കയ്യിലും ഒരാഭരണവും ഇല്ല ! അന്ന് കരച്ചില്‍ വന്നു. ഇന്നോ? നീത്തു മോളുടെ കല്യാണം അഭിമാനത്തിന്റെ മസ്തകമുയര്‍ത്തിപ്പിടിക്കാന്‍ മലയാളിക്ക് കരുത്താവുന്നു.
കാലം വരുത്തിയ പരിണാമം!

Related posts