കാമുകിയുടെ വീട്ടില്‍ നട്ടപ്പാതിരായ്ക്കു കയറാനെത്തിയ വ്യവസായിയെ യുവാക്കള്‍ തടഞ്ഞു ! ഇതിന്റെ ദേഷ്യത്തില്‍ യുവാക്കള്‍ക്കെതിരേ ക്വട്ടേഷന്‍ നല്‍കി; പെണ്‍വാണിഭക്കേസിലെ പ്രതി ഒടുവില്‍ പിടിയില്‍…

കാമുകിയുടെ വീട്ടില്‍ പാതിരാ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ തടഞ്ഞ യുവാക്കളെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത വ്യവസായി പിടിയില്‍. ഏറ്റുമാനൂര്‍ പെണ്‍വാണിഭക്കേസിലെ പ്രതിയായ ഇയാള്‍ അതിരമ്പുഴയില്‍ പൊലീസിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ കേസിലെ പ്രതികള്‍ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ക്രിസ്മസ് ദിനത്തില്‍ രണ്ടു യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഇയാള്‍ അതിനു ശേഷം ഒളിവിലായിരുന്നു.

കുറവിലങ്ങാട് കുമ്മണ്ണൂര്‍ വട്ടുകളത്ത് സജയന്‍ പോളി (ബിജു വട്ടമറ്റം -45)നെയാണ് ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മൂന്നംഗ സംഘത്തെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ക്വട്ടേഷന്‍ നല്‍കിയ വ്യവസായിയെ തന്നെ ഇപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കടുത്തുരുത്തി മങ്ങാട്ട് സ്‌റ്റൈബിന്‍ ജോണ്‍ (23), ഏറ്റുമാനൂര്‍ മങ്ങാട്ട് ഇണ്ടത്തില്‍ ജിസ് തോമസ് (39), അതിരമ്പുഴ കാക്കടിയില്‍ ലിബിന്‍ (32) എന്നിവരെയാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

പേരൂര്‍ കൈതക്കുളങ്ങര കാലാപ്പള്ളില്‍ വിനോദ് (38), അതിരമ്പുഴ മുടിയൂര്‍ക്കര പെരുമ്പുകാലായില്‍ ബിനില്‍ (31) എന്നിവരെയാണ് ക്വട്ടേഷന്‍ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അടിച്ചിറയിലായിരുന്നു സംഭവങ്ങള്‍. രാത്രിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ബിജുവിനെ പ്രദേശവാസികളായ യുവാക്കള്‍ ചോദ്യം ചെയ്തതായിരുന്നു എല്ലാത്തിന്റെയും തുടക്കം. ഇതിന്റെ വൈരാഗ്യത്തില്‍ അതിരമ്പുഴയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തിനൊപ്പം ഇവിടെ മടങ്ങിയെത്തിയ ബിജു ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

പ്രതികള്‍ അകത്തായതോടെ ബിജു ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്നു പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ ഇയാള്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍, ജാമ്യാപേക്ഷ തള്ളിയ കോടതി ബിജുവിനോടു അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നു പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts