ഡല്‍ഹി നിയമസഭയിലെ താരം അദ്വൈത് എന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞ്; ആപ്പ് എംഎല്‍എ സരിതാ സിംഗിന്റെ മകന്‍ താരമായതിങ്ങനെ…

ന്യൂഡല്‍ഹി: ഭരണപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനുള്ളപ്പോഴും മാതാവ് എന്ന കടമ നിര്‍വഹിക്കുന്നതിന്റെ ബാധ്യത ഉള്ളവരാണ് ജനപ്രതിനിധികളായ പല സ്ത്രീകളും. പുറത്തെ തണുപ്പിനെ ചൂടേറിയ ചര്‍ച്ചകള്‍ കൊണ്ട് അകറ്റുന്ന ഡല്‍ഹി നിയമസഭയിലെ വിന്റര്‍ സെഷനില്‍ പതിവായി എത്തുന്ന അതിഥിയാണ് ഇപ്പോഴത്തെ താരം. വെറും രണ്ടര മാസം പ്രായമുള്ള അദ്വൈതണ് ആ അതിഥി. ജനപ്രതിനിധി എന്ന നിലയില്‍ അമ്മ സഭയില്‍ തിരക്കിട്ട ജോലികളില്‍ മുഴുകുമ്പോള്‍ ഇതൊന്നും അറിയാതെ അവന്‍ മാതാവിന്റെ സഹപ്രവര്‍ത്തകരായ എംഎല്‍എമാരുടെ മടിയില്‍ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നു. റോഹ്താഹ് നഗറില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആംആദ്മിപാര്‍ട്ടി എംഎല്‍എ സരിതാ സിംഗിന്റെയും ആപ്പ് പ്രവര്‍ത്തകനായ അഭിനവ് റായിയുടേയും പുത്രനാണ് കഴിഞ്ഞ നവംബറില്‍ ജനിച്ച അദ്വൈത്.

ആം ആദ്മി പാര്‍ട്ടി നടത്തിയ അഴിമതി വിരുദ്ധ സമരങ്ങള്‍ക്കിടയിലാണ് സരിതാ സിംഗും അഭിനവ് റായിയും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് 2016ഏപ്രില്‍ 16 ന് ഇവര്‍ വിവാഹം കഴിച്ചു.2017 നവംബര്‍ 8 ന് ജനിച്ച അദ്വൈത് ഇപ്പോള്‍ മാതാവ് സരിതയ്ക്കൊപ്പം ഡല്‍ഹി നിയമസഭയ്ക്ക് അകത്തും അവര്‍ പുറമേ പങ്കെടുക്കുന്ന പൊതു പരിപാടികളിലും ഉദ്ഘാടനങ്ങളിലും പതിവ് സാന്നിദ്ധ്യമാണ്. മുലകുടി മാറാത്ത കുഞ്ഞിനെ വീട്ടില്‍ ഇരുത്തിയിട്ട് പോരുന്നതിന് പകരം അവനേയും സഭയിലേക്ക് കൂട്ടി ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധിയ്ക്കൊപ്പം അത്രയും തന്നെയുള്ള മാതാവായും ഇരട്ടറോള്‍ ഭംഗിയാക്കുകയാണ് സരിത.

ചൊവ്വാഴ്ച ബിജെപി ഉയര്‍ത്തിയ മുനിസിപ്പില്‍ ബോഡികളും തെരുവുകച്ചവടക്കാരും തമ്മിലുള്ള വിഷയത്തെക്കുറിച്ച് ഗൗരവമായി സംസാരിക്കുമ്പോള്‍ എംഎല്‍എ ലോഞ്ചില്‍ കിടന്ന് അദ്വൈത് സുഖ സുഷുപ്തിയിലായിരുന്നു. മറ്റ് എംഎല്‍എമാരുടെ കൂടി ഓമനയായി മാറിയതോടെ കുഞ്ഞ് അമ്മയ്ക്ക് അധികം തലവേദന സൃഷ്ടിച്ചില്ലെന്ന് മാത്രമല്ല ഓരോ എംഎല്‍എമാരും ഇടയ്ക്കിടെ അവന്റെ ക്ഷേമം നോക്കിക്കൊണ്ടുമിരുന്നു. നിയമസഭയില്‍ ആംആദ്മിപാര്‍ട്ടി എംഎല്‍എമാര്‍ തിരക്കുപിടിച്ച് ജോലി ചെയ്യുമ്പോഴും ഒന്നോ രണ്ടോ പേര്‍ കുട്ടിയുടെ സംരക്ഷണയ്ക്കായി എപ്പോഴും ഉണ്ടായിരുന്നു.

മകനെ വീട്ടില്‍ തനിച്ചു വിടുന്നതിനേക്കാള്‍ അവനുമായി നിയമസഭയില്‍ എത്തുന്നതിനാണ് സരിത മുന്‍ഗണന നല്‍കിയത്. എല്ലാ രണ്ടു മണിക്കൂറുകള്‍ കൂടുമ്പോഴും കുഞ്ഞിനെ സരിത മുലയൂട്ടുകയും ചെയ്യുന്നുണ്ടായിരുന്നു. നിയമസഭയില്‍ ശിശുപരിപാലന സംവിധാനമോ സൗകര്യമോ ഇല്ലാത്തതിനാല്‍ ഡപ്യൂട്ടി സ്പീക്കര്‍ രാഖി ബിദ്ലാന്റെ ഓഫീസാണ് മുലയൂട്ടാനായി സരിത തെരഞ്ഞെടുത്തിരുന്നത്. പൊതുജന സേവകര്‍ക്ക് എന്ത് ഗര്‍ഭകാല അവധിയെന്നും നമ്മള്‍ എണ്ണപ്പെടുന്ന ആള്‍ക്കാരാണെന്നും അതുകൊണ്ട് നിറവേറ്റാന്‍ ഒട്ടേറെ ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നും ജീവിതത്തിന്റെ ഈ ഘട്ടം താന്‍ ഏറെ ആസ്വദിക്കുന്നെന്നുമായിരുന്നു സരിതയുടെ ഇക്കാര്യത്തിലെ മറുപടി.

കുഞ്ഞിനെ കൊണ്ടു വരുന്നത് സഭയിലെ മുതിര്‍ന്നവര്‍ അനുകൂലിക്കുന്നില്ലെങ്കിലും തങ്ങളുടെ കുഞ്ഞിന് കൂടുതല്‍ ആള്‍ക്കാരെ കാണാന്‍ കഴിയുന്നതില്‍ സരിതയും അഭിനവും സന്തുഷ്ടരാണ്. എന്നിരുന്നാലും ബുധനാഴ്ച നിയമസഭാ സമ്മേളനത്തിനും പൊതുപരിപാടികള്‍ക്കും ശേഷം സരിത കുട്ടിയുമായി തിരിച്ച് വീട്ടില്‍ എത്തിയത് രാത്രി 10 മണിയോടെയായിരുന്നു. കോറം മുഴുവനും ഉണ്ടായിരുന്നെങ്കിലും ഒന്നോ രണ്ടോ എംഎല്‍എമാര്‍ എപ്പോഴും കുട്ടിക്കൊപ്പം ഉണ്ടായിരുന്നതായും അവന്‍ ഭാവിയിലെ ആംആദ്മിപാര്‍ട്ടി നേതാവാണെന്നും എംഎല്‍എ നരേഷ് യാദവ് പറയുന്നു.

 

 

 

Related posts