കേരളം അതിവിദഗ്ധമായി അതിജീവിച്ച ആ ദുരന്തം സിനിമയാവുന്നു! നിപ്പാ വൈറസിനെയും നേരിട്ട നാളുകളെയും ആളുകളെയും വെള്ളിത്തിരയിലെത്തിക്കാന്‍ വന്‍ താരനിരയുമായി സംവിധായകന്‍ ആഷിഖ് അബു

ആഷിഖ് അബു സംവിധാനം ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും ചലച്ചിത്രലോകത്തും സിനിമാസ്വാദകരുടെയിടയിലും ചര്‍ച്ചയായിരിക്കുന്നത്. വൈറസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം, ഒരുക്കുന്നത് കേരളം അഭിമുഖീകരിച്ച സംഭവത്തെ ആസ്പദമാക്കിയാണെന്നതാണ് ചിത്രത്തെ ഇത്രയ്ക്കും ചര്‍ച്ചയ്ക്ക് പാത്രമാക്കിയത്.

കേരളത്തെ, പ്രത്യേകിച്ച് മലബാറിനെ വിറപ്പിച്ച നിപ വൈറസാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് സൂചനകള്‍. നിപ വൈറസ് കാലത്ത് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഒരു ഫോട്ടോയാണ് സിനിമയുടെ പോസ്റ്ററില്‍ ആഷിഖ് അബു ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിപ നിരീക്ഷണ വാര്‍ഡില്‍ നിന്ന് രോഗികളുടെ വസ്ത്രങ്ങളം അവശിഷ്ടങ്ങളും സംസ്‌കരിക്കാനായി സ്ട്രെച്ചറില്‍ കൊണ്ടുപോകുന്ന ജീവനക്കാരുടെ ചിത്രമാണിത്. കാമറക്ക് മുന്നിലും പിന്നിലുമായി വന്‍ താരനിരയാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

ആഷിഖ് അബുവിന്റെ ഭാര്യ റിമ കല്ലിങ്കല്‍ ഉള്‍പ്പെടെ വലിയ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്. രേവതി, ആസിഫ് അലി, ടോവിനോ തോമസ്, പാര്‍വതി, കാളിദാസ് ജയറാം, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന താരങ്ങള്‍. രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സുഡാനി ഫ്രം നൈജീരിയക്ക് ശേഷം മുഹ്സിന്‍ പെരാരിയും സുഹാസ്, ഷറഫു എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതുന്നത്. സംഗീതം സുശിന്‍ ശ്യാം. അടുത്ത വര്‍ഷം ചിത്രം പ്രദര്‍ശനത്തിനെത്തുമാണ് വിലയിരുത്തുന്നത്.

Related posts