പ്രളയത്തില്‍ ചത്തത് എണ്ണായിരത്തിലേറെ പശുക്കള്‍; വൈക്കോലിന്റെ വില ഉയര്‍ന്നതോടെ പലരും പശുക്കളെ കശാപ്പിനു വിറ്റു; സംസ്ഥാനത്ത് പാല്‍ക്ഷാമം കനത്തതോടെ വിഷപ്പാല്‍ വിപണി കൈയ്യടക്കുന്നു…

തിരുവനന്തപുരം: പ്രളയത്തില്‍ ആയിരക്കണക്കിന് പശുക്കള്‍ ചത്തതോടെ സംസ്ഥാനത്ത് പാല്‍ക്ഷാമം അതിരൂക്ഷമായി മാറിയിരിക്കുകയാണ്. ഏകദേശം 8000 പശുക്കളാണ് പ്രളയത്തില്‍ ചത്തൊടുങ്ങിയത്. മില്‍മ പാലില്‍ പ്രതിദിനം രണ്ടര ലക്ഷം ലിറ്ററിന്റെ കുറവു വന്നതോടെ സംസ്ഥാനത്തേക്ക് നിലവാരമില്ലാത്ത പാലിന്റെ കുത്തൊഴുക്കാണ്. തീറ്റപ്പുല്‍ നശിച്ചതോടെ കാലിത്തീറ്റ വില കുതിപ്പിലാണ്. കിലോയ്ക്ക് 8-9 രൂപയ്ക്കു കിട്ടിയിരുന്ന വൈക്കോലിന്റെ വില ഒറ്റയടിക്കു 14 രൂപയായി.

അയല്‍ സംസ്ഥാനത്തുനിന്നെത്തിക്കുന്ന കച്ചിയുടെയും വില ഉയര്‍ന്നതോടെ പലരും പശുക്കളെ കശാപ്പിനു വില്‍ക്കുകയാണ്. തമിഴ്നാട്ടിലെയും കര്‍ണ്ണാടകയിലെയും ക്ഷീരസംഘങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്താണ് ഇപ്പോള്‍ പാല്‍ക്ഷാമം ഒരു പരിധിവരെ പരിഹരിക്കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ പി.പി. ഗോപാലക്കുറുപ്പ് പറഞ്ഞു. എണ്ണായിരത്തോളം പശുക്കളാണ് ചത്തതെന്ന് മില്‍മ തിരുവനന്തപുരം മേഖലാ ചെയര്‍മാന്‍ കല്ലട രമേശ് പറയുന്നു. പതിനായിരത്തോളം കന്നുകാലികള്‍ക്കു പരുക്കും രോഗങ്ങളുമായി.

പാലുല്‍പാദനം സാധാരണനിലയിലെത്താന്‍ മാസങ്ങളെടുക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്നു പശുക്കളെ എത്തിച്ചു പ്രതിസന്ധി നേരിടാനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു. മേഖലയില്‍ ഇരുന്നൂറു കോടി രൂപയുടെ പ്രാഥമിക നഷ്ടമാണു കണക്കാക്കിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, മലബാര്‍ മേഖലകളിലെ ക്ഷീരസംഘങ്ങളും പ്രതിസന്ധിയിലാണ്. കോട്ടയത്ത് വൈക്കം, കടുത്തുരുത്തി, മാടപ്പള്ളി, ഏറ്റുമാനൂര്‍, പള്ളം ബ്ലോക്കുകളില്‍ മാത്രം പ്രതിദിനം 13,000 ലിറ്റര്‍ പാലിന്റെ കുറവാണുള്ളത്. ഈ അവസരം മുതലെടുത്താണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വിഷപ്പാല്‍ ഇങ്ങോട്ടൊഴുക്കുന്നത്.

Related posts