എംജെ ശ്രീജിത്ത്
തിരുവനന്തപുരം: മോദിയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണം. അബ്ദുള്ള കുട്ടി അധികാരം മോഹം കൊണ്ടു നടക്കുന്ന ദേശാടന പക്ഷിയാണ്. മഞ്ചേശ്വരം നിയമസഭാ സീറ്റ് മുന്നിൽകണ്ട് ഭാണ്ഡക്കെട്ടുമായി ബിജെപിയ്ക്ക് പിന്നാലെ നടക്കുകയാണ്.
രാഷ്ട്രീയ അഭയം നൽകിയ കോൺഗ്രസിനെ തിരിഞ്ഞു കുത്തുകയാണ് അബ്ദുള്ളകുട്ടി ചെയ്യുന്നത്. ഇത്തരം അഞ്ചാംപത്തികളെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും വീക്ഷണത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.
കോൺഗ്രസിലിരുന്നു ബിജെപിക്ക് മംഗളപത്രം രചിക്കുകയാണ്. രാഷ്ട്രീയ നെറികേടാണ് അബ്ദുള്ളക്കുട്ടിയുടേത്. മോദിയെ പ്രകീർത്തിച്ച് പോസ്റ്റിട്ട അബ്ദുള്ള ക്കുട്ടി ബിജെപിയിലേയ്ക്കാണെന്ന സൂചന പുറത്തു വന്നതോടെ മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരനടക്കം രൂക്ഷമായ വിമർശനമാണ് അബ്ദുള്ളക്കെതിരെ നടത്തിയത്. അബ്ദുള്ളക്കുട്ടിയോട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിശദീകരണവും ചോദിച്ചിരുന്നു.
ഇതിനിടെ അബ്ദുള്ളകുട്ടി താമസം മംഗലാപുരത്തേയ്ക്ക് മാറ്റിയതായുള്ള വാർത്തകളും പുറത്തു വന്നിട്ടുണ്ട്. മംഗലാപുരത്ത് ബി.ജെപിയുമായി ചേർന്ന് പ്രവർത്തിക്കാനാണ് താമസം മാറിയതെന്ന വാർത്തകളാണ് പരക്കുന്നത്. അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നു പുറത്താക്കണമെന്ന ആവശ്യപ്പെട്ടുള്ള നിരവധി പരാതികളാണ് കെപിസിസിയ്ക്ക് ലഭിച്ചിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി വിശദീകരണം തേടിയത്. നിലവിൽ അബ്ദുള്ളകുട്ടി കണ്ണൂരിലെ കോൺഗ്രസ് നേതാക്കളുമായി ഒരു തരത്തിലുമുള്ള ആശയ വിനിമയവും നടത്തുന്നില്ല.
അബ്ദുള്ളക്കുട്ടി പാർട്ടി വിടുമെന്ന കൃത്യമായ വിവരം തന്നെയാണ് ഡിസിസി നേതൃത്വം കെപിസിസിയ്ക്ക് നൽകിയിരിക്കുന്ന റിപ്പോർട്ടിലുള്ളത്. പോകുന്നെങ്കിൽ പോകട്ടെ പാർട്ടി പുറത്താക്കി വീരപരിവേഷം നൽകേണ്ടെന്നതാണ് ഡിസിസിയുടെ നിലപാട്.
ഇനി മുതൽ പാർട്ടി പരിപാടികളിലോ കമ്മിറ്റികളിലോ പങ്കെടുപ്പിക്കാതെ ഒഴിവാക്കി നിർത്താനാണ് തീരുമാനം. അങ്ങനെ ഒരു സാഹചര്യം സൃഷ്ടിച്ചാൽ അബ്ദുള്ളക്കുട്ടി രാജിവച്ച് പുറത്തു പോകുമെന്നും ഡിസിസി കരുതുന്നു. ഇനി അനുരഞ്ജന ശ്രമം ഉണ്ടാകില്ലെന്ന ഡിസിസി നേതൃത്വം ഉറപ്പിച്ചു പറയുന്നതിനിടെയാണ് മുഖപത്രമായ വീക്ഷണത്തിന്റെ രൂക്ഷ വിമർശനം കൂടി പുറത്തു വന്നിരിക്കുന്നത്.
ബിജെപിയിൽ ചേരുന്ന കാര്യം സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല: എ.പി.അബ്ദുള്ളക്കുട്ടി
കോഴിക്കോട്: കോൺഗ്രസ് മുഖപത്രം വീക്ഷണത്തിനെതിരെ രൂക്ഷ വിമർശനവുമായി എ.പി.അബ്ദുള്ളക്കുട്ടി. തനിക്കെതിരെ കോൺഗ്രസ് മുഖപത്രത്തിൽ വന്ന ലേഖനം അംഗീകരിക്കാനാവില്ല. ചിലർ വ്യക്തി വിരോധം തീർക്കാൻ ശ്രമിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
അബ്ദുള്ളക്കുട്ടി അധികാരമോഹിയാണെന്നും മഞ്ചേശ്വരം സീറ്റ് കണ്ടാണ് ഭാണ്ഡക്കെട്ടുമായി ബിജെപിയിലേക്ക് പോകുന്നതെന്നും വീക്ഷണം കുറ്റപ്പെടുത്തിയിരുന്നു. താൻ കോൺഗ്രസുകാരനാണോ എന്ന് മുല്ലപ്പള്ളിയോട് ചോദിക്കണമെന്നും എ.പി.അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. ബിജെപിയിൽ ചേരുന്ന കാര്യം സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
മുതിർന്ന നേതാവ് വി.എം.സുധീരനെതിരെ രൂക്ഷവിമർശനവും അബ്ദുള്ളക്കുട്ടി ഉന്നയിച്ചു. ഉമ്മൻചാണ്ടി സർക്കാരിനെ ഇല്ലാതാക്കിയത് സുധീരനാണ്. രാഷ്ട്രീയത്തിൽ ഒരു ആദർശവും ഇല്ലാത്ത ആളാണ് സുധീരനെന്നും അബ്ദുള്ളക്കുട്ടി വിമർശിച്ചു.
നരേന്ദ്ര മോദിയെ പുകഴ്ത്തിയതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയെ വീക്ഷണം വിമർശിച്ചത്. രാഷ്ട്രീയ അഭയം നൽകിയ കോൺഗ്രസിനെ തിരിഞ്ഞുകൊത്തുന്നു. ഇത്തരം അഞ്ചാംപത്തികളെ പാർട്ടിയിൽ നിന്ന് പുറത്താക്കണം. കോൺഗ്രസിൽ നിന്ന് ബിജെപിക്ക് മംഗളപത്രം രചിക്കുകയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
മോദിയുടെ വിജയം മഹാവിജയമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.