തൃപ്പൂണിത്തുറ: ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം മോനപ്പിള്ളി ചിറ്റേക്കടവ് റോഡ് എവൂർ രേവതി വീട്ടിൽ അഡ്വ. ഏബ്രഹാം സാംസണിന്റെ മകൻ ബ്ലസൺ ഏബ്രഹാം സാംസൺ (23) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി11.45ഓടെ തെക്കുംഭാഗം കണ്ണൻകുളങ്ങര ഫയർ സ്റ്റേഷൻ കവലയ്ക്കടുത്തായിരുന്നു അപകടം.
പുതിയകാവ് ഭാഗത്തുനിന്നും രോഗിയുമായി വന്ന ആംബുലൻസ്, ബ്ലസൺ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.റോഡിൽ തലയടിച്ചു വീണ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ തിരുവല്ലയിലേയ്ക്ക് കൊണ്ടുപോകും.
ബംഗളൂരു ബിഎംഡബ്ല്യു ഷോറൂം ജീവനക്കാരനായ യുവാവ് അവധിക്ക് നാട്ടിൽ വന്നതായിരുന്നു. മാതാവ്: അഡ്വ. ലൗലി ഏബ്രഹാം, സഹോദരൻ: അലോക് ഏബ്രഹാം.