അരൂർ: ഭിന്നശേഷിക്കാരന്റെ ഓടിക്കൊണ്ടിരുന്ന മുച്ചക്രവാഹനം നടുറോഡിൽ രണ്ടുഭാഗമായി. വണ്ടി ഓടിച്ചിരുന്ന ചന്തിരൂർ വലിയ വീട്ടിൽ ജയൻ(44) അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ എട്ടോടെ അരൂർ പെട്രോൾ പന്പിൽ പോയി വീട്ടിലേക്ക് മടങ്ങി വരുന്പോൾ ദേശീയപാതയിൽ ചന്തിരൂർ കുമർത്തുപടി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.
ജയൻ വേഗത കുറച്ച് വാഹനമോടിച്ചിരുന്നതിനാലാണ് പെട്ടെന്നു നിർത്താനും അപകടം ഒഴിവാക്കാനുമായത്. അരൂർ ഗ്രാമപഞ്ചായത്തിന്റെ 2015-ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2016-ൽ ഭിന്നശേഷിക്കാരായ ആറുപേർക്ക് വിതരണം ചെയ്ത ഇരുച്ചക്രവാഹനം രൂപമാറ്റം വരുത്തി മുച്ചക്രവാഹനമാക്കി മാറ്റിയതിൽ ഒരെണ്ണമാണിത്.
ഇരുച്ചക്രവാഹനം മുച്ചക്രവാഹനമായി മാറ്റുന്ന ജോലി കെൽട്രോണിനെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരുന്നത്. വിതരണം ചെയ്ത ദിവസം തന്നെ അപാകതകൾ ചൂണ്ടിക്കാട്ടി പരാതിയുമായി ഭിന്നശേഷിക്കാർ പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചിരുന്നു. അതനുസരിച്ച് പഞ്ചായത്ത് അധികാരികൾ അരൂർ കെൽട്രോണ്‍ അധികൃതരുമായി സംസാരിച്ചിരുന്നു.
വണ്ടിയുടെ ബുക്കും പേപ്പറുകളും നൽകിയതിലും അപാകത ഉണ്ടായിരുന്നതായി ആരോപണമുണ്ട്. വർഷങ്ങൾക്ക് മുന്‍പ് ഉണ്ടായ വാഹനാപകടത്തെത്തുടർന്ന് ജയന്റെ വലതുകാലിന്റെ മുട്ടിനു താഴെ മുറിച്ചുമാറ്റിയിരുന്നു. പെട്ടിക്കട നടത്തി ഉപജീവനം നടത്തിയാണ് ജയൻ കുടുംബത്തെ പോറ്റുന്നത്.