പരാതി ഒന്നും വേണ്ട…ഇത് ഇവിടെ തന്നെ നിര്‍ത്താം ! ആറു പ്രാവശ്യം തുടര്‍ച്ചയായി വിളിച്ചാല്‍ ആര്‍ക്കും ദേഷ്യം വരില്ലേ; മുകേഷിനെ വിളിച്ച കുട്ടി പറയുന്നതിങ്ങനെ…

കൊല്ലം എംഎല്‍എയും സിനിമാതാരവുമായ മുകേഷും ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താംക്ലാസുകാരനും തമ്മിലുള്ള ഫോണ്‍ സംഭാഷണം വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

സഹായം അഭ്യര്‍ഥിച്ച് വിളിച്ച വിദ്യാര്‍ഥിയോടുള്ള മുകേഷിന്റെ പെരുമാറ്റം വ്യാപകമായ വിമര്‍ശനത്തിന് വഴിവെക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎല്‍എയും പാലക്കാട് സ്വദേശിയായ വിദ്യാര്‍ഥിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത്.

പരാതി പറയാന്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് മുകേഷ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം.

സംഭവം വന്‍ വിവാദമായതോടെ വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തിയിരുന്നു. എംഎല്‍എയ്‌ക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്.

അതേ സമയം ഒറ്റപ്പാലം മുന്‍ എംഎല്‍എ എം ഹംസ കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥി മാധ്യമങ്ങളെ കണ്ടത്.

ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ മുകേഷ് ദേഷ്യപ്പെട്ട് സംസാരിച്ചതില്‍ വിഷമം തോന്നിയെങ്കിലും അത് കാര്യമാക്കുന്നില്ലെന്ന് മുകേഷിനെ വിളിച്ച കുട്ടി പറഞ്ഞു.

ആറ് തവണയൊക്കെ വിളിക്കുമ്പോള്‍ ആര്‍ക്കും ദേഷ്യം വരില്ലേ എന്നും അതുകൊണ്ട് കുഴപ്പമില്ലെന്നുമാണ് കുട്ടി പറഞ്ഞത്.

തന്റെ ഫോണില്‍ നിന്നു തന്നെയാണ് വിളിച്ചതെന്നും താന്‍ തന്നെയാണ് കോള്‍ റെക്കോര്‍ഡ് ചെയ്തതെന്നും കുട്ടി പറഞ്ഞു. കോള്‍ റെക്കോര്‍ഡ് ചെയ്തത് ദുരുദ്ദേശപരമായല്ല എന്നും കുട്ടി പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കള്‍ സിപിഎം പ്രവര്‍ത്തകരാണ്. പിതാവ് സിഐടിയു നേതാവാണ്. വിദ്യാര്‍ഥി ബാലസംഘം പ്രവര്‍ത്തകനാണ്.

മുകേഷിനോടുള്ള ആരാധന കൊണ്ട് സുഹൃത്തിന് വേണ്ടി താരത്തെ വിളിക്കുകയായിരുന്നു. അത് മുകേഷ് മനസ്സിലാക്കും എന്ന് മുന്‍ എംഎല്‍എ എം ഹംസ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ…

വിഷമം തോന്നിയെങ്കിലും കുഴപ്പമില്ല. അപ്പോള്‍ തന്നെ ആറ് തവണ വിളിക്കുമ്പോള്‍ ആര്‍ക്കും ദേഷ്യം വരുമല്ലോ. അതുകൊണ്ട് കുഴപ്പമില്ല. പരാതി ഒന്നും വേണ്ട. ഇത് ഇവിടെ തന്നെ നിര്‍ത്താം.

ആറ് തവണ വിളിച്ചു സിനിമ നടനെ വിളിക്കുകയല്ലേ എന്റെ കാര്യം നടക്കുമെന്നാണ് കരുതിയത്. ഫോണില്ലാത്ത കുട്ടികള്‍ക്ക് സൗകര്യം ഒരുക്കാന്‍ വേണ്ടി സഹായം തേടിയാണ് വിളിച്ചത്.

ആറ് പ്രാവശ്യം വിളിച്ചതിനാലാവും ദേഷ്യപെട്ടത്. സാര്‍ ഫോണ്‍ എല്ലാവര്‍ക്കും കൊടുക്കുന്നുണ്ട് എന്ന് കേട്ടിരുന്നു. കൂട്ടുകാരന് വേണ്ടിയാണ് അദ്ദേഹത്തെ സമീപിച്ചത്.

ഫോണില്ലാത്ത കുട്ടികള്‍ പഠനത്തിന് കഷ്ടപ്പെടുന്നത് കണ്ട് വിഷമം തോന്നിയിരുന്നു. അത് കൊണ്ടാണ് വിളിച്ചത്. എനിക്ക് ഫോണ്‍ വാങ്ങി നല്‍കാന്‍ അമ്മ ബുദ്ധിമുട്ടിയത് കണ്ടിരുന്നു.

അത് കണ്ട് മറ്റ് കുട്ടികള്‍ക്ക് വേണ്ടി ഇടപെടാന്‍ മുകേഷിനെ വിളിച്ചത്’ വിദ്യാര്‍ഥി പ്രതികരിച്ചു. അദ്ദേഹം ഗൂഗിള്‍ മീറ്റില്‍ സംസാരിക്കുന്നതിനിടെയാണ് വിളിച്ചത്.

അതുകൊണ്ട് കോള്‍ കട്ടായിപ്പോയിയെന്ന് പറഞ്ഞ് തിരിച്ച് വിളിക്കുകയായിരുന്നു. ഒരു സിനിമാതാരത്തെ വിളിക്കുന്നതു കൊണ്ടാണ് കോള്‍ റെക്കോഡ് ചെയ്തത്.

റെക്കോഡ് ചെയ്ത കോള്‍ സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. വേറെ ആര്‍ക്കും താന്‍ അയച്ചു കൊടുത്തിട്ടില്ലെന്നും കുട്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

എന്റെ ഫോണില്‍ നിന്ന് തന്നെ ആണ് വിളിച്ചത്. ഞാന്‍ തന്നെ ആണ് കോള്‍ റെക്കോര്‍ഡ് ചെയ്തത്. അവന്‍ പറഞ്ഞിട്ടുണ്ടായിരുന്നു ഒന്ന് കേള്‍ക്കണം എന്ന്.

അപ്പോള്‍ ഞാന്‍ അവന് ഷെയര്‍ ചെയ്ത് കൊടുത്തതാണ്. ഞാന്‍ അവന് മാത്രമേ കൊടുത്തുള്ളു. അവന്‍ പിന്നെ രണ്ട് പേര്‍ക്ക് ഷെയര്‍ ചെയ്തു. അങ്ങനെ പോവാണ് ചെയ്തത്. അതാണ് ഉണ്ടായത് ഏകദേശം നാല് ദിവസം മുമ്പാണ് മുകേഷിനെ വിളിച്ചതെന്നും കുട്ടി പറഞ്ഞു.

പാര്‍ട്ടി കുടുംബമാണെന്നും അവര്‍ ഇങ്ങോട്ട് അന്വേഷിച്ച് വരികയാണെന്നും കുട്ടിക്ക് യാതൊരു ദേഷ്യവും ഇതുകാരണം ഇല്ലെന്നും മുന്‍ എംഎല്‍എ. ഹംസ പറഞ്ഞു.

കുട്ടി മുകേഷിന്റെ ഒരു ആരാധകന്‍ കൂടിയാണ്. കൂട്ടുകാരന് ഫോണ്‍ വേഗത്തില്‍ കിട്ടാന്‍ വേണ്ടിയാണ് വിളിച്ചത്. ആ പ്രശ്‌നം പരിഹരിക്കുമെന്നും സിപിഐഎം പറഞ്ഞു.

Related posts

Leave a Comment