നാല് വയസ്സുള്ളപ്പോള്‍ പീഡിപ്പിക്കപ്പെട്ടു ! പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്നെന്താണ് സംഭവിച്ചതെന്ന് മനസ്സിലായത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി പാര്‍വതി…

നാലു വയസുള്ളപ്പോള്‍ താന്‍ ക്രൂരമായ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി നടി പാര്‍വതി. പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമാണ് അന്നു തനിക്ക് സംഭവിച്ചതെന്തെന്ന് മനസ്സിലായതെന്ന് നടി പറഞ്ഞു. പീഡനവിവരം പുറംലോകത്തെ അറിയിക്കാന്‍ വീണ്ടും പന്ത്രണ്ട് വര്‍ഷം എടുക്കേണ്ടി വന്നെന്നും നടി പറഞ്ഞു. മുംബൈയിലെ നടക്കുന്ന മാമി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യം പാര്‍വതി പുറംലോകത്തോടു വിളിച്ചു പറഞ്ഞത്.

രാഷ്ട്രീയ, സിനിമാമേഖലയിലുള്‍പ്പെടെ മീ ടു ക്യാംപെയിന്‍ ശക്തിയാര്‍ജിക്കുന്ന അവസരത്തിലാണ് പാര്‍വതിയുടെ വെളിപ്പെടുത്തല്‍. ”എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് അത്തരമൊരു അനുഭവമുണ്ടായത്. പതിനേഴ് വര്‍ഷം കഴിഞ്ഞാണ് അന്നെന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞത്. പിന്നെയും പന്ത്രണ്ട് വര്‍ഷം കഴിഞ്ഞാണ് സംഭവത്തെപ്പറ്റി പുറത്തുപറയാന്‍ കഴിഞ്ഞത്”, പാര്‍വതി പറഞ്ഞു.”അതിജീവിക്കുക എന്നത് ശാരീരികമായി മാത്രം സംഭവിക്കേണ്ട ഒന്നല്ല. മാനസികമായും അതിജീവിക്കേണ്ടതുണ്ട്. അതിജീവിച്ചവളാണെന്ന് എല്ലാ ദിവസവും ഞാന്‍ എന്നെത്തന്നെ ഓര്‍മിപ്പിക്കേണ്ടതുണ്ട്”, പാര്‍വതി പറഞ്ഞു.

മീ ടു ക്യാംപെയ്‌നിന്റെ പശ്ചാത്തലത്തില്‍ ഉറച്ച നിലപാടോടെയാണ് ഇത്തവണത്തെ മാമി ചലച്ചിത്രമേളക്ക് തിരി തെളിഞ്ഞത്. മീ ടു ആരോപണത്തില്‍പ്പെട്ട താരങ്ങള്‍ ഉള്‍പ്പെട്ട ചിത്രങ്ങള്‍ മേളയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്തായാലും പാര്‍വതിയുടെ ആരാധകര്‍ക്ക് കടുത്ത ഞെട്ടലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍ സമ്മാനിച്ചിരിക്കുന്നത്.

Related posts